കാഞ്ഞങ്ങാട്: രക്താര്‍ബുദം ബാധിച്ച് ഒരുവര്‍ഷത്തോളമായി തലശ്ശേരി കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന കാസര്‍കോട്ടെ മൂന്ന് വയസ്സുകാരി ഫാത്തിമത്ത് മുംതാസായിയുടെ ചികിത്സയ്ക്കായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഫാത്വിമാസ് ട്രാവല്‍സിന്റെ രണ്ട് ബസ്സുകളും ജീവനക്കാരും നടത്തിയ കാരുണ്യയാത്ര മാതൃകായാത്രയായി.
തുക തലശ്ശേരി ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ കണ്ണൂരില്‍ വെച്ച് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഫാത്വിമാസ് ട്രാവല്‍സ് ഓണര്‍ സലീം കുട്ടിയുടെ ബന്ധുക്കള്‍ക്ക് കൈമാറി.
ഫാത്വിമാസ് ട്രാവല്‍സിന്റെ കണ്ണൂര്‍- കാസര്‍കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സും, കണ്ണൂര്‍- പയ്യന്നൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുമാണ് നന്മയ്ക്കായി കൈകോര്‍ത്തത്. സ്വകാര്യ ബസ്സ് ജീവനക്കാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും നല്ല സഹകരണം ലഭിച്ചതിനാല്‍ ഒരു ലക്ഷത്തോളം വരുന്ന തുക സ്വരൂപിക്കാന്‍ സാധിച്ചുവെന്നും ജീവനക്കാർ പറഞ്ഞു. ഇതില്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റില്‍ നിന്നുമാണ് ഏറ്റവും മികച്ച സഹകരണമെന്നും ജീവനക്കാര്‍ പറഞ്ഞു. കാരുണ്യയാത്രയുമായി സഹകരിച്ച എല്ലാ സ്വകാര്യബസ് ജീവനക്കാര്‍ക്കും, യാത്രക്കാര്‍ക്കും, നാട്ടുകാര്‍ക്കും ഫാത്വിമാസ് ട്രാവല്‍സ് നന്ദി രേഖപ്പെടുത്തി.
കണ്ണൂര്‍ - കാസര്‍കോട് ജില്ലകളില്‍ ഇത്തരം കാരുണ്യയാത്രകള്‍ നടത്തുന്ന ഏതാനും സ്വകാര്യ ബസ്സുകള്‍ ഉണ്ട്. ഇവരെല്ലാം സമൂഹത്തിന് മാതൃകയാകുകയാണ് ചെയ്യുന്നത്. നിരാലംബരുടെ കണ്ണീരൊപ്പാന്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തുന്ന ഇത്തരം മഹത്തായ സംഭാവനയെയും യാത്രക്കാരെ ചേര്‍ത്തു പിടിക്കാനുള്ള മനോഭാവത്തെയും യാത്രക്കാര്‍ നല്ല രീതിയിലുളള പിന്തുണയോടെയാണ് സ്വീകരിച്ചത്.
കണ്ണൂര്‍- കാസര്‍കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഫാത്വിമാസ് ബസ്സിലാണ് മൂന്നുവയസ്സുകാരിയുമായി മാതാപിതാക്കള്‍ സ്ഥിരമായി തലശ്ശേരി കാന്‍സര്‍ സെന്ററിലേക്ക് പോകാറുള്ളത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കണ്ടക്ടര്‍ കാര്യം തിരക്കിയപ്പോഴാണ് കുട്ടിക്ക് സുഖമില്ലാത്ത വിവരം മാതാപിതാക്കള്‍ പറയുന്നത്. പിന്നീടങ്ങോട്ട് ഈ കുടുംബത്തിന് ബസ്സില്‍ സൗജന്യയാത്രയായിരുന്നു. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഇവരുടെ സാമ്പത്തിക സ്ഥിതിയെപ്പറ്റി അറിയാന്‍ സാധിച്ചത്. ഇതു മനസ്സിലാക്കിയ കണ്ടക്ടര്‍ പിന്നീട് ഫാത്വിമാസ് ട്രാവല്‍സ് ഉടമ സലീമുമായി ബന്ധപ്പെടുകയും ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ബസ്സുകള്‍ കാരുണ്യയാത്ര നടത്തുകയുമായിരുന്നു. യാത്രക്കാരില്‍ നിന്ന് സ്വരൂപിച്ച തുക കൂടാതെ ജീവനക്കാരും അവരുടെ ദിവസവേതനം ഈ കാരുണ്യയാത്രയിലേക്ക് സംഭാവന ചെയ്തിരുന്നു. തങ്ങളുടെ സ്ഥിതി അറിഞ്ഞ് സഹായിച്ച യാത്രകാര്‍ക്കും, സ്വകാര്യബസ് ജീവനക്കാര്‍ക്കും കാരുണ്യയാത്രയ്ക്ക് കാരണക്കാരനായി സഹായിച്ച കണ്ടക്ടര്‍ സത്താര്‍, ഫാത്വിമാസ് ട്രാവല്‍സ് ഉടമ സലീം എന്നിവര്‍ കുടുംബത്തിന് വലിയ ആ ശ്വാസമാണുണ്ടാക്കിയത്.
0 Comments