Ticker

6/recent/ticker-posts

സ്വകാര്യ ആശുപത്രിയിലെ നഴ്സിൻ്റെ മരണത്തിൽ സംശയം മൃതദേഹം വിദഗ്ധ പോസ്റ്റ്മോർട്ടത്തിന് കോഴിക്കോട്ടേക്ക് അയച്ചു

കാസർകോട്:ബന്തിയോട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. 
കൊല്ലം തെന്മല ഉരുക്കുളം സ്വദേശിനിയായ എസ്. കെ. സ്മൃതിയെ 20 ഹോസ്റ്റല്‍ മുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന സംശയമാണ് ബന്ധുക്കള്‍ ഉയര്‍ത്തുന്നത്. 
വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെ  നഴ്‌സിംഗ് ട്രെയിനിയായ സ്മൃതിയെ ഹോസ്റ്റല്‍ മുറിയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയിലെ ജോലി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെയാണ് സ്മൃതി  ഹോസ്റ്റല്‍ മുറിയിലെത്തിയത്.ഹോസ്റ്റലിന്റെ ഒന്നാമത്തെ നിലയിലെ മുറിയില്‍ സ്റ്റീല്‍ കൊണ്ടുണ്ടാക്കിയ കട്ടിലിന്റെ മുകളിലത്തെ കമ്പിയില്‍ ഷോള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും,ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ന് രാവിലെ കൊല്ലത്ത് നിന്നും ബന്ധുക്കളെത്തി. സ്മൃതിയുടെ പിതാവ്
രോഗബാധിതനായതിനാല്‍ പിതൃസഹോദരനുള്‍പ്പെടെയുള്ളവരാണ് ബന്തിയോടെത്തിയത്. 
സ്മൃതി തൂങ്ങിമരിച്ചതല്ലെന്നും, കൊലപാതകമാണെന്നുമുള്ള സംശയമാണ് ബന്ധുക്കള്‍ ഉയര്‍ത്തുന്നത്.
ആശുപത്രിയിലെത്തിയ രോഗിക്ക് ആന്റിബയോട്ടിക്കിന് പകരം സ്മൃതി പനിയുടെ ഇഞ്ചക്ഷന്‍ നല്‍കിയിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. ഇക്കാര്യം ഡോക്ടര്‍ സൃമിതിയോട് ചോദിച്ചിരുന്നു. ഇതിന്റെ വിഷമത്തിലായിരുന്നു സ്മൃതിയെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
അനുജത്തി സ്വയം ജീവനൊടുക്കിയതെല്ലെന്നും, ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും, മരണം കൊലപാതകമാണെന്നുമാണ് സ്മൃതിയുടെ സഹോദരിയും ബെംഗ്‌ളൂരുവിലെ നഴ്സായ ശ്രുതി പറഞ്ഞത്.
മൂന്ന് വര്‍ഷത്തെ നഴ്‌സിങ് പഠനം കഴിഞ്ഞാണ് ട്രെയ്നിങ്ങിന്റെ ഭാഗമായി സ്മൃതി ബന്തിയോട്ടെ ആശുപത്രിയില്‍ ചേര്‍ന്നതെന്നും ശ്രുതി പറഞ്ഞു. 
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മറ്റ് നടപടികളിലേക്ക് കടക്കുമെന്ന് കുമ്പള 
പൊലീസ് അറിയിച്ചു.
കൊല്ലം തെന്മല ഉരുക്കുളം സ്മൃതി ഭവനില്‍ കോമളരാജന്‍ ഷാനി ദമ്പതികളുടെ മകളാണ് സ്മൃതി. രണ്ട് മാസം മുൻപാണ് ഇവിടെ ജോലിക്കെത്തിയത്. നാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വിദഗ്ധ
പോസ്റ്റ്മോർട്ടം നടക്കും. അന്വേഷണം ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാർ ഏറ്റെടുത്തു.
Reactions

Post a Comment

0 Comments