കാഞ്ഞങ്ങാട് : റോഡ് സൗകര്യമില്ലാത്തതിനെ തുടർന്ന് രോഗിയെ ആശുപത്രിയിൽ എത്തിച്ചത് ഏറെ ദൂരം ചുമന്ന്.കാഞ്ഞങ്ങാട് ടൗണിൽ നിന്നും ഏറെ അകലെയല്ലാത്ത ഇരിയ മുട്ടിച്ചിറസ്വദേശി ഹംസ കോയയെയാണ് ടീം ചാരിറ്റി പ്രവർത്തകരും നാട്ടുകാരും ചേർന്ന ചുമന്ന് ആശുപത്രിയിൽ എത്തിച്ചത്. വൃദ്ധനെ വീട്ടിൽ നിന്നും പ്രധാന റോഡിലേക്ക് ചുമന്ന് എത്തിക്കുകയും ഇവിടെ നിന്നും ആംബുലൻസ് വഴി ജില്ലാ ശുപത്രിയിൽ എത്തിക്കുകയായിരുന്നു. രോഗിയായ ഭാര്യയും ഹംസ കോയയും താമസിക്കുന്ന വീട്ടിലേക്ക് യാതൊരു ഗതാഗത സൗകര്യവുമില്ല. ഇങ്ങനെയൊരു പ്രദേശം നമ്മുടെ നാട്ടിൽ ഉണ്ടോ എന്ന് അൽഭുതപ്പെട്ടു പോകുമെന്നാണ് സ്ഥലത്തെത്തിയ ചാരിറ്റി പ്രവർത്തകർ പറഞ്ഞത്. വൃദ്ധന് ഹൃദയസംബന്ധമായ രോഗവും ഭാര്യ അർബുദ രോഗിയുമാണ്. മക്കളില്ലാത്ത ഇവർ സുമനസ്സുകളുടെ സഹായം കൊണ്ടാണ് ഓരോ ദിനവും തള്ളി നീക്കുന്നത്. ഇദ്ദേഹമിപ്പോൾ ജില്ലാ ആശുപത്രിയിൽ കിടത്തി ചികിൽസയിലാണ്. കൂട്ടിരിക്കാൻ പോലും ആളില്ലാത്ത അവസ്ഥയിലാണ്. ഈ പ്രദേശം ഗതാഗത യോഗ്യമാക്കണമെന്ന് പലതവണ വാർഡ് മെമ്പറോടും പുല്ലൂർ - പെരിയ പഞ്ചായത്തിനോടും നിവവധി തവണ ആവശ്യപ്പെട്ടു. പ്രയാസങ്ങൾ ചൂണ്ടിക്കാട്ടിയെങ്കിലും പരിഹാരമായില്ല. അധികാരികളുടെ കണ്ണ് എന്ന് തുറക്കുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ആരോരുംഇല്ലാത്ത ഇവർക്ക് അധികാരികൾ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നാണ് പരാതി.
0 Comments