കാഞ്ഞങ്ങാട്: മയക്കുമരുന്ന് കേസിൽ പ്രതിയായ കൊളവയൽ സ്വദേശിയെ ഹോസ്ദുർഗ് പൊലീസ് എൻ . ഡി.പി.എസ് വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം, ബേക്കൽ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ കൊളവയൽ ഇട്ടമ്മൽ സ്വദേശി പി. പി. നിസാമുദ്ദീനെ 35യാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാന സർക്കാർ ഒരു വർഷത്തേക്ക് തടവിൽ പാർപ്പിക്കാൻ ഉത്തരവിട്ട പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും. 72.73 ഗ്രാം എം.ഡി.എം.എ വിൽപനക്കായി കൈവശം വച്ചതിന് കഴിഞ്ഞ ഡിസംബറിൽ തലപ്പാടിയിൽ പിടികൂടിയ മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബേക്കൽ പൊലീസ് സ്റ്റേഷനിൽ രണ്ട് ലഹരിക്കേസുകൾ ഉണ്ട്.
തുടർച്ചയായി ലഹരിക്കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ ചുമത്തുന്ന പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫ്ഫിക്ക് എൻ ഡി പി എസ് നിയമപ്രകാരം കാഞ്ഞങ്ങാട് സബ് ഡിവിഷനിലെ ആദ്യ അറസ്റ്റാണിത്. ജില്ലാ പൊലീസ് മേധാവി
ബി. വി. വിജയ ഭരത് റെഡ്ഢിയുടെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിൻ്റെ മേൽനോട്ടത്തിൽ ഹോസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത്ത് കുമാർ , സബ്. ഇൻസ്പെക്ടർ എ. ആർ. ശാർങ്ഗധരൻ, അസി. സബ് ഇൻസ്പെക്ടർ എം. പ്രകാശൻ , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വി. ആർ. സനോജ്, സി. വി. ബൈജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
0 Comments