കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സൗത്തിലുണ്ടായ ടാങ്കർ അപകടത്തിലും തുടർന്നുണ്ടായഗ്യാസ് ചോർച്ചയിലും നാട്ടുകാർ ഭയന്നിരിക്കെ കൊവ്വൽ സ്റ്റോറിലെ ഒരു വീട്ടിൽ പുലർച്ചെ കവർച്ചാ സംഘമെത്തി. കവർച്ചാ സംഘം വീടിൻ്റെ വാതിൽ പിടിച്ചു കുലുക്കിയതോടെ വീട്ടിനകത്തുണ്ടായിരുന്ന സ്ത്രീകൾ ഭവ ന്ന് വിറച്ചു. പ്രവാസി പരകോട്ടെ രാജീവൻ്റെ വീട്ടിലാണ് രണ്ടംഗ സംഘം കവർച്ചക്കെത്തിയത്. വീട്ടുകാർ ക്യാമ്പിലാണെന്ന് കരുതിയാണ് പുലർച്ചെ 3.30 മണിയോടെ കവർച്ചക്കാർ വീട്ടിലെത്തിയത്. ടാങ്കർ അപകടത്തെ തുടർന്ന്വൈദ്യുതി ബന്ധം വിഛേദിച്ചതിനാൽ പ്രദേശം മുഴുവൻ ഇരുട്ടിലായിരുന്നു. വീടിൻ്റെ മുൻ വശം വാതിൽ ശക്തമായി പിടിച്ച് കുലുക്കുന്നത് കണ്ട് വീട്ടിനുള്ളിൽ ഉണ്ടായിരുന്ന സ്ത്രീകൾ നിലവിളിച്ചു. സ്ത്രീകൾ മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. ഇരുട്ടായതിനാൽ ഒന്നും മനസിലാവാത്ത അവസ്ഥ. മൊബൈൽ ജാമർ പ്രദേശത്ത് സ്ഥാപിച്ചതിനാൽ ഫോൺ വിളിക്കാനുമായില്ല. ശബ്ദം കേട്ട് പരിസരവാസികൾ ഓടിയെത്തുകയും അപകടത്തിൽ പെട്ട ടാങ്കറിനടുത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുമെത്തി. തൂക്ക് പാലത്തിനടുത്ത് കൂടി രണ്ട് പേർ പോകുന്നതായി കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പനങ്കാവിലും പരിസരങ്ങളിലുമുൾപെടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. രാവിലെ വീടിൻ്റെ സിറ്റ്ഔട്ടിൽ കവർച്ചക്കാരുടെ ചെരിപ്പിൽ നിന്നുള്ള ചെളി കൾ നിറയെ കാണപ്പെട്ടു. ഗ്യാസ്ടാങ്കറപകടത്തിൻ്റെ പശ്ചാത്തലത്തിൽ വീട്ടിലൊന്നും ആളുണ്ടാവില്ലെന്ന് കരുതിയാണ് കവർച്ചക്കാരെത്തിയതെന്നാണ് കരുതുന്നത്. പ്രദേശത്ത് പൊലിസ് നിരീക്ഷണം ശക്തമാക്കി.
0 Comments