നീലേശ്വരം : കേന്ദ്ര പുകയില നിയന്ത്രണ നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷൻ ധൂമം എന്ന പേരിൽ ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം ജില്ലയിൽ ഇന്ന് നടന്ന സംയുക്ത പരിശോധനയിൽ നീലേശ്വരം ബ്ലോക്ക് തല സ്ക്വാഡ് നീലേശ്വരം, ചായ്യോത്ത് മേഖലയിൽ വിവിധ സ്ഥാപനങ്ങൾ പരിശോധിച്ചു. രാജാസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള കടയിൽ നിന്ന് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു നശിപ്പിക്കുകയും 2000 രൂപ പിഴയിടുകയും ചെയ്തു. നിയമത്തിന്റെ ഭാഗമായ ബോർഡ് വെക്കാത്ത ചായ്യോത്ത് കടയുടമയ്ക്ക് പിഴ ഈടാക്കുകയും ചെയ്തു. കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം വിദ്യാലയങ്ങൾക്ക് നൂറ് വാര ചുറ്റളവിൽ പുകയില വിൽപ്പന നടത്താൻ പാടുള്ളതല്ല. പരിശോധനയിൽ നീലേശ്വരം താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ അജിത് സി ഫിലിപ്പ് , പൊലീസ് സബ് ഇൻസ്പെക്ടർ ശ്രീകുമാർ , എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് , ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രുതി , എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ പ്രസാദ് , പ്രജിത്ത് , സിവിൽ എക്സൈസ് ഓഫീസർമാരായ നിസാമുദ്ദീൻ , ശൈലേഷ്, രാജീവൻ , സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ രാജീവൻ, സുരേന്ദ്രൻ പങ്കെടുത്തു.
0 Comments