കാസർകോട്:പൊതു പണിമുടക്കിൽ വാഹനങ്ങൾ നിരത്തിലിറക്കിയ ഡ്രൈവർമാർക്ക് നേരെ കയ്യേറ്റം. വിവരമറിഞ്ഞെത്തിയ പൊലീസുകാർക്ക് മർദ്ദനമേറ്റു. സംഘർഷ സ്ഥലത്ത് നിന്നും മൂന്ന് പണിമുടക്ക് അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പളയിലാണ് സംഘർഷമുണ്ടായത്. കുമ്പള ടൗണിൽ സമരക്കാർ വാഹനങ്ങൾ തടയുകയും പിക്കപ്പ് ഓട്ടോ ഡ്രൈവറെ കയ്യേറ്റം ചെയ്യുന്നത് തടയാൻ ശ്രമിച്ച കുമ്പള സ്റ്റേഷനിലെ എ.എസ്.ഐ ബാബുരാജ്, സിവിൽ ഓഫീസർ ഫെബിൻ രാജ് എന്നിവരെയാണ് കയ്യേറ്റം ചെയ്തത്. ഡ്രൈവറെ രക്ഷിക്കാൻ ശ്രമിക്കവെ യൂണിഫോമിൽ പിടിച്ച് തള്ളിയതായാണ് പരാതി. നെയിം ബോർഡ് വലിച്ചു കീറി മർദ്ദിച്ചു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ എസ്.ഐ കെ. ശ്രീജേഷ് സ്ഥലത്തെത്തി സമരക്കാരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും ചെറുത്തു. തുടർന്ന് കൂടുതൽ പൊലീസെത്തി മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. അരിയ പ്പാടിയിലെ കെ.എ. സന്തോഷ് കുമാർ 44 , ഷേണിയിലെ പി.എം. ബിനീഷ് 35, മുഗുവിലെ പി. മധുസൂദനൻ 37 എന്നിവരാണ് അറസ്റ്റിലായത്.
0 Comments