കാഞ്ഞങ്ങാട് :13 വയസുകാരൻ ഓടിച്ച സ്കൂട്ടി അപകടത്തിൽ പെട്ട സംഭവത്തിൽ ആൾമാറാട്ടം നടത്തി കോടതിയെ തെറ്റിദ്ധരിപ്പിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. വടകര മുക്കിലെ ഹംസയുടെ ഭാര്യ പി. അനീസ 42 ക്കെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. 2024 നവംബർ 17 ന് രാവിലെ അനീസയുടെ ബന്ധുവായ 13 വയസുകാരന് സ്കൂട്ടി അപകടത്തിൽ പരിക്ക് പറ്റിയതായി കാണിച്ച് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹരജി ഫയൽ ചെയ്തിരുന്നു. ഈ ഹരജിയിൽ കോടതി നിർദ്ദേശപ്രകാരം ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. പുഞ്ചാവിയിലെ ഷംസീർ കുട്ടിയെ പിറകിലിരുത്തി വടകര മുക്ക് ഭാഗത്ത് നിന്നും സദ്ദാം മുക്ക് ഭാഗത്തേക്ക് ഓടിച്ച സ്കൂട്ടി പെട്ടന്ന് ബ്രേക്കിട്ടതിൽ റോഡിലേക്ക് തെറിച്ചു വീണ് കുട്ടിക്ക് ഗുരുതരമായി പരിക്ക് പറ്റിയെന്ന പരാതിയിലായിരുന്നു കേസ്. കഴിഞ്ഞ മെയ് 14 നായിരുന്നു ഈ ഹരജിയിൽ കേസെടുക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകിയത്. കേസെടുത്ത ശേഷം പൊലീസ് വിശദമായി അന്വേഷണം നടത്തുകയും ആശുപത്രി രേഖകളും കുട്ടിയുടെ മാതാവിൻ്റെ മൊഴിയെടുക്കുകയും ചെയ്ത അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. തൈക്കടപ്പുറത്ത് താമസിക്കുന്ന കുട്ടിയുടെ മാതാവിൻ്റെ സ്കൂട്ടി, കുട്ടി ഓടിച്ച് കൂട്ടുകാരനെ കൂട്ടാൻ പോകവെ തൈപ്പള്ളിയിലെ ബീ ഫാത്തിമ്മയുടെ വീട്ടുമതിലിൽ ഇടിച്ച് ഇടതു കാലിന് ഗുരുതരമായി പരിക്ക് പറ്റിയതാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കുട്ടിക്ക് അപകട ഇൻഷൂർ കിട്ടിയല്ലെന്നതിനാൽ സഹോദരി ഭർത്താവ് ഷംസീർ ഓടിച്ചതാണെന്ന് തെറ്റായി കോടതിയെ ബോധിപ്പിച്ചതാണെന്നാണ് പൊലീസ് കണ്ടെത്തൽ. തുടർന്നാണ് അനീസ ക്കെതിരെ കേസെടുത്തത്. പൊലീസ് അപകട കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് റിപ്പോർട്ട് നൽകും.
0 Comments