റഹ്മാന്റെ സത്യസന്ധതക്ക് പൊന്നോളം തിളക്കമുണ്ട്. സ്വന്തം ഓട്ടോയുടെ സീറ്റുകൾക്കിടയിൽ നിന്നും കിട്ടിയ സ്വർണാഭരണത്തിൻ്റെ ഉടമയെ ഗൂഗിൾ പെ വഴി കണ്ടെത്തി നൽകിയിരിക്കുകയാണ് ഈ ഓട്ടോ ഡ്രൈവർ.വീട്ടിലെത്തി ഓട്ടോ കഴുകുന്നതിനിടയിലാണ് കാഞ്ഞങ്ങാട് കണ്ണൻസ് സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർ കല്ലുരാവിയിലെ അബ്ദുൾ റഹ്മാന് സീറ്റിനിടയിൽ കുടുങ്ങി കിടക്കുന്ന നിലയിൽ ലക്ഷം വില വരുന്ന
ഒന്നര പവന്റെ സ്വർണ കൈ ചെയിൻ കിട്ടിയത്. അന്ന് രാവിലെ മുതൽ ഓട്ടോയിൽ കയറിയ ആളുകളെ ഓർത്തെടുത്തപ്പോൾ ഒരു യാത്രക്കാരനെ ഓർമ്മ വന്നു. ടൗണിൽ നിന്നും മുറിയനാവിയിലേക്ക് കയറിയ യാത്രക്കാരനായിരുന്നു. ആളെ മുൻപരിചയമില്ല. കൈവശം ചില്ലറയില്ലാത്തതിനാൽ ഓട്ടോ ഡ്രൈവർക്ക് ഗൂഗിൾ പെ ചെയ്തായിരുന്നു വാടക പണം നൽകിയത്. ഇദ്ദേഹത്തിൻ്റെ
കൈയിൽ സ്വർണ ചെയിൻ കെട്ടിയിരുന്നതായും ഓർമ വന്നു. പിന്നീട് അദ്ദേഹത്തെ കണ്ടെത്താനായി ശ്രമം. സ്റ്റാൻ്റിലെ സഹപ്രവർത്തകരോട് തിരഞ്ഞെങ്കിലും ആർക്കും ആളെ അറിയില്ല. അപ്പോഴാണ് ഒരു കാര്യം ഓർമ്മയിലെത്തിയത്. കക്ഷി ഗൂഗിൾ പെവഴിയാണ് വാടക തന്നതെന്നായിരുന്നു ഓർമ. പിന്നെ ഒട്ടും അമാന്തിച്ചില്ല. ഗൂഗിൾ പെആപ്പ് തപ്പി മൊബൈൽ നമ്പർ സംഘടിപ്പിച്ച് വിളിച്ചു. കോഴിക്കോട് സ്വദേശിയായിരുന്നു ആഭരണം നഷ്ടപെട്ട ആൾ. ഓട്ടോ ഡ്രൈവറുടെ വിളിയെത്തിയതോടെ ആ ഭരണത്തിൻ്റെ ഉടമ വിജേഷ് കോഴിക്കോട് നിന്നും പിറ്റേ ദിവസം കാഞ്ഞങ്ങാട്ടെത്തി. ഹോസ്ദുർഗ് പൊലിസ് സ്റ്റേഷനിൽ പൊലീസ് സാന്നിധ്യത്തിൽ ആഭരണം കൈമാറി.
0 Comments