കാഞ്ഞങ്ങാട് : നഗരത്തിലെ ഓണം വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ച് നഗരസഭ.പൊലീസ് സഹായത്തോടെയാണ് നഗരസഭ അധികൃതർ കച്ചവടക്കാരെ മാറ്റിയത്. നഗരത്തിൻ്റെ പ്രധാന ഭാഗങ്ങളിൽ ഓണത്തോട് അനുബന്ധിച്ചുള്ള വഴി വാണിഭം അനുവദിക്കില്ലെന്ന് നഗരസഭ അറിയിച്ചിരുന്നു. ട്രാഫിക് അതോറിറ്റി കഴിഞ്ഞ ദിവസം ചേർന്ന് എടുത്ത തീരുമാനങ്ങളിൽ ഒന്നായിരുന്നു ഇത്. പഴയ കൈലാസ് തിയേറ്റർ കഴിഞ്ഞും കോട്ടച്ചേരി ട്രാഫിക് സർക്കിളിനപ്പുറത്തും മാത്രം ഓണം വഴിയോരം നടത്തണമെന്നാണ് നിർദ്ദേശം. ഇത് നടപ്പാക്കുന്നതിനാണ് ഇന്നലെ മുതൽ നഗരസഭ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്. വലിയ ട്രാഫിക്ക് കുരുക്കും മറ്റ് തിരക്കുകളും കണ്ടാണിത്. എന്നാൽ നഗരത്തിൻ്റെ പ്രധാന ഭാഗം വിട്ടുള്ള കച്ചവടം ഗുണം ചെയ്യില്ലെന്ന് അന്യ സംസ്ഥാനത്ത് നിന്നു മുൾപെടെയെത്തിയ കച്ചവടക്കാർ പറയുന്നു. എല്ലാവർഷവും ഓണം സീസണിൽ നഗരമധ്യത്തിലാണ് കച്ചവടം നടക്കാറ്. ഇതിനെതിരെ വ്യാപാരികൾ രംഗത്ത് വന്നിരുന്നു. തിരുവോണത്തിന് രണ്ട് ദിവസം മുൻപാണ് വഴിയോര കച്ചവടം സജീവമാകാറുള്ളതെങ്കിലും ഇത്തവണ നാല് ദിവസം മുൻപ് തന്നെ കച്ചവടം സജീവമായി. മഴ വീണ്ടും ശക്തമായത് കച്ചവടക്കാരെ ആശങ്കക്കിടയാക്കി. അടുത്ത ദിവസം പൂക്കൾ കൂടി എത്തുന്നതോടെ വഴിയോരം കൂടുതൽ സജീവമാകും. പ്രധാനമായും വസ്ത്രങ്ങളാണ് വഴിയോര കച്ചവടത്തിലുള്ളത്. കുറഞ്ഞ വിലക്ക് വസ്ത്രം ലഭിക്കുമെന്നതിനാൽ ഒരു വിഭാഗം സാധാരണക്കാർ കാലങ്ങളായി വഴിയോര കച്ചവടക്കാരെ ആശ്രയിക്കുന്നു. ടെക്സ്റ്റൈൽസുകളിലും ചെരുപ്പ് കടകളിലും ദിവസങ്ങൾക്ക് മുൻപെ തിരക്ക് അനുഭവപെട്ടു. ഓഫറുകൾ ധാരാളം ഉള്ളതിനാൽ ഇലക്ട്രോണിക് കടകളും സജീവമാണ്. പച്ചക്കറികടകൾ അടുത്ത ദിവസം തൊട്ട് സജീവമാകും. ഓണത്തോടൊപ്പം നബിദിനാഘോഷം കൂടിയായതോടെ വ്യാപാര മേഖലയിൽ വലിയ ഉണർവാണനുഭവപ്പെടുന്നത്. മഴവില്ലനായില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ ഓണ കച്ചവടം പൊടിപൊടിക്കും.
0 Comments