Ticker

6/recent/ticker-posts

വീട് കേന്ദ്രീകരിച്ച് ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം കാഞ്ഞങ്ങാട്ട് യുവതിയും യുവാവും അറസ്റ്റിൽ

കാഞ്ഞങ്ങാട് : വീട് കേന്ദ്രീകരിച്ച് സംസ്ഥാന ലോട്ടറിക്ക് സമാനമായി ഒറ്റ നമ്പർ ചൂതാട്ടത്തിലേർപ്പെട്ട യുവതി ഉൾപെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊവ്വൽ പള്ളിയിലെ കെ.വി. സുധ 51,തായന്നൂരിലെ എ. ജയപ്രകാശ് 49 എന്നിവരാണ് അറസ്റ്റിലായത്. ഹോസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ എം.വി. വിഷ്ണു പ്രസാദും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് വീട്ടിൽ പരിശോധനക്കെത്തുകയായിരുന്നു. മൊബൈൽ ഫോണുകളും നോട്ട്ബുക്കുകളും തുണ്ട് കടലാസുകളും കണ്ടെത്തി. ചൂതാട്ടത്തിനായി വാട്സാപ് ഗ്രൂപുണ്ടാക്കിയതായും ഗൂഗിൾ പെവഴി പണം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ പക്കൽ നിന്നും 5970 രൂപയും യുവാവിൻ്റെ പോക്കറ്റിൽ നിന്നും 350 രൂപയും പിടികൂടി. സംസ്ഥാന ലോട്ടറിയുടെ അവസാനത്തെ മൂന്നക്ക ഉപയോഗിച്ചാണ് ചൂതാട്ടം. 10 രൂപ ഈടാക്കിയാണ് നമ്പർ എഴുതുന്നത്. ഏജൻ്റായ തനിക്ക് 10 രൂപക്ക് 4 രൂപ കമ്മീഷനായി ലഭിക്കുമെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന അവസാന മൂന്നക്കം ശരിയായാൽ 5000 രൂപ സമ്മാനം ലഭിക്കും. ഒരാൾ തന്നെ 10 ഉം നൂറും നമ്പർ ചൂതാട്ടം എഴുതാറുണ്ട്.  ഒറ്റനമ്പർ ചൂതാട്ട സംഘത്തിൻ്റെ തലവന്മാർ എപ്പോഴും വലക്ക് പുറത്തു തന്നെയാണ്.

Reactions

Post a Comment

0 Comments