കാഞ്ഞങ്ങാട് :ആശുപത്രിയിൽ പോയി മടങ്ങിയെത്തിയ യുവതിയും കുടുംബം കണ്ടത് വീട് കുത്തി തുറക്കുന്ന കള്ളനെ. ശബ്ദം കേട്ട മോഷ്ടാവ് വീടിന്റെ മുകൾ നിലയിൽ നിന്നും ചാടി ഇറങ്ങി ഓടി രക്ഷപെട്ടു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മോഷ്ടാവിൻ്റെ മോട്ടോർ ബൈക്ക് കിട്ടിയിട്ടുണ്ട്. രാത്രി 8 മണിയോടെ ഉദുമ എരോൽപാലത്തിനടുത്തെ മുഹമ്മദിൻ്റെ ഇരുനില വീട്ടിലാണ് കള്ളൻ കയറിയത്. ഭാര്യ താഹിറയും കുടുംബവും വൈകീട്ട് വീട് പൂട്ടി കാസർകോട് ആശുപത്രിയിൽ പോയതായിരുന്നു. 8 മണിയോടെ തിരിച്ചെത്തിയ സമയത്താണ് കള്ളനെ കണ്ടത്. അയൽവാസികൾ കള്ളനെ നേരിൽ കണ്ട് ബഹളം വെച്ചു. കള്ളനെകിട്ടിയില്ലെങ്കിലും നമ്പർ പ്ലേറ്റ് ഇല്ലാത്ത കറുത്ത ബൈക്ക് വീട്ടുമുറ്റത്ത് നിന്നും കിട്ടി. കർണാടക റജിസ്ട്രേഷൻ ബൈക്കാണിതെന്നാണ് സൂചന. രണ്ട് മുറികൾ കുത്തി തുറന്നിട്ടുണ്ടെങ്കിലും ഒന്നും നഷ്ടപെട്ടിട്ടില്ലെന്ന് വീട്ടുടമസ്ഥതാ ഹിറയുടെ സഹോദരൻ സുബൈർ ഉത്തരമലബാറിനോട് പറഞ്ഞു. മുകൾനിലയിലെ ഗ്രില്ല് മുറിച്ചാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് കണ്ടെത്തി. കുടുംബം പുറത്ത് പോയത് അറിയാവുന്ന ആളാണ് പ്രതിയെന്ന് കരുതുന്നു. നേരം ഇരുട്ടി തുടങ്ങിയ സമയത്ത് കള്ളൻ വീട്ടിൽ കയറിയ സംഭവം വീട്ടുകാരെയും നാട്ടുകാരെയും ഭയത്തിലാക്കി. ബേക്കൽ, മേൽപ്പറമ്പ പൊലീസ് സ്ഥലത്തെത്തി.
0 Comments