Ticker

6/recent/ticker-posts

സിനിമാ സ്റ്റൈലിൽ സ്വിഫ്റ്റ് കാറിൽ കടത്തിയ എം.ഡി.എം.എയും കഞ്ചാവും പിടികൂടി, ഒരാൾ അറസ്റ്റിൽ, ഡോക്ടർ ഓടി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട് :സ്വിഫ്റ്റ് കാറിൽ നിന്നും എം.ഡി.എം. എയും കഞ്ചാവും പൊലീസ് പിടികൂടി. ഒരാൾ അറസ്റ്റിലായി. കാറിലുണ്ടായിരുന്ന ഡോക്ടർ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഡോക്ടർക്കെതിരെ മയക്ക് മരുന്ന് കേസ് റജിസ്ട്രർ ചെയ്തു. ചട്ടഞ്ചാൽ നിസാമുദീൻ നഗർ കുറക്കുന്ന് മൊട്ടയിലെ ബി.എം. അഹമ്മദ് കബീർ 36 ആണ് അറസ്റ്റിലായത്. ഡോക്ടർ മുഹമ്മദ് സുനീറിനെതിരെയാണ് കേസ്. കാസർകോട്ടെ ദന്ത ഡോക്ടറാണ് സുനീർ . സ്വിഫ്റ്റ് കാറും 3.28 ഗ്രാം എം.ഡി.എം.എയും 10.65 ഗ്രാം കഞ്ചാവും പൊലീസ് കസ്റ്റഡിയിലെടുത്തു. സിനിമ സ്റ്റെലിലായിരുന്നു പൊലീസിൻ്റെ മയക്ക് മരുന്ന് വേട്ട. ചട്ടഞ്ചാലിൽ നിന്നുമാണ് മയക്ക് മരുന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം നടന്ന പരിശോധനയിൽ ബേക്കൽ ഡി.വൈ.എസ്.പിയുടെ സ്ക്വാഡും മേൽപ്പറമ്പ പൊലീസും ചേർന്നാണ് കഞ്ചാവും എം.ഡി.എം എ യും പിടികൂടിയത്. 55 ആം മൈലിൽ നിന്നും പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സ്വിഫ്റ്റ് കാറിനെ പൊലീസ് വാഹനം പിന്തുടർന്നെങ്കിലും പ്രതികൾ നിർത്താൻ തയാറായില്ല. അമിത വേഗതയിൽ ഓടിയ കാർ ചട്ടഞ്ചാൽ ജംഗ്ഷനിൽ വെച്ച് മുന്നിൽ പോവുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയും നിൽക്കുകയും ചെയ്തു. പിന്നാലെയെത്തിയ പൊലീസിനെ കണ്ട് കാറിൻ്റെ ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന ഡോ. സുനീർ ഇറങ്ങി ഓടി. തൊട്ടടുത്ത സീറ്റിലിരുന്ന കബീറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മേൽപ്പറമ്പ സബ് ഇൻസ്പെക്ടർ എ. എൻ. സുരേഷ് കുമാർ, ബേക്കൽ സബ് ഡിവിഷൻ ഡാൻസാഫ് ടീം അംഗങ്ങളായ സീനിയർ സിവിൽ ഓഫീസർ സുഭാഷ്, സജീഷ്, സുഭാഷ് ചന്ദ്രൻ,ഡ്രൈവർ സിവിൽ ഓഫീസർ സജിത്ത് എന്നിവർ ചേർന്നാണ് മയക്കുമരുന്നുമായി പ്രതിയെ പിടികൂടിയത്. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം തുടരുന്നു.
Reactions

Post a Comment

0 Comments