കാഞ്ഞങ്ങാട് :പടന്നക്കാട് അക്രമത്തിൽ പരിക്കേറ്റവരെ എട്ടംഗ സംഘം ആശുപത്രിയിൽ കയറി വീണ്ടും ആക്രമിച്ചു. പടന്നക്കാട് സ്വദേശികളായ സഹദ് 23, അഫ്സൽ 30,മുബഷിർ 22 എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. ചുറ്റിക കൊണ്ട് തലക്കടിയേറ്റും മൂക്കിൻ്റെ പാലം തകർന്ന നിലയിൽ യുവാക്കൾ ജില്ലാശുപത്രിയിൽ ചികിൽസ തേടി. ഒരു യുവാവും പെൺകുട്ടിയും തമ്മിലുണ്ടായ സൗഹൃദവുമായി ബന്ധപെട്ട് ഉണ്ടായ വിഷയത്തിൽ കഴിഞ്ഞ ദിവസം സഹദിനെയും അഫ്സലിനെയും ചിലർ കുയ്യാലിലേക്ക് ചർച്ചക്കെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ആക്രമിച്ചതായാണ് പരാതി. ഇരുവരും സഞ്ചരിച്ച ബൈക്ക് അടിച്ച് തകർക്കുകയും യുവാക്കളെ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറഞ്ഞു. പരിക്കേറ്റ സഹദിനെയും അഫ്സലിനെയും മുബഷിർ പടന്നക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ പരിശോധിക്കുന്നതിനിടെ രണ്ട് കാറുകളിലായെത്തിയ എട്ടംഗ സംഘം ആശുപത്രിക്കുള്ളിൽ വച്ച് മൂന്ന് പേരെയും ആക്രമിക്കുകയായിരുന്നു. ആശുപത്രിയിൽ നടന്ന ആക്രമണത്തിൻ്റെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു. ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകി.
0 Comments