നീലേശ്വരം : കൂടെ ഓടിയ ചേച്ചിമാരെ കടത്തിവെട്ടി ഫിനിഷിങ് ലൈൻ തൊട്ട് പി.ഭാഗ്യലക്ഷ്മി ജില്ലാ സ്കൂൾ ഒളിമ്പിക്സ് സബ് ജൂനിയർ ഗേൾസ് 600 മീറ്റർ ഓട്ടത്തിൽ ഒന്നാമതായി.
വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജിവിഎച്ച്എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഈ മിടുക്കി. യുപി കിഡ്ഡീസ് വിഭാഗത്തിൽ മത്സരിക്കേണ്ട ആറാം ക്ലാസുകാർക്ക് ജില്ലാ സ്കൂൾ കായിക മേളയിൽ മത്സരങ്ങളില്ല. സ്കൂൾ കായികാധ്യാപകൻ സോജൻ ഫിലിപ്പിന്റെ നിർദേശത്തിലും പരിശീലനത്തിലുമാണ് ഭാഗ്യലക്ഷ്മി ചേച്ചിമാർക്കൊപ്പം ട്രാക്കിലിറങ്ങിയത്. കായികാധ്യാപകന്റെ കണ്ടെത്തലും ഇതനുസരിച്ച തന്റെ തീരുമാനവും തെറ്റിയില്ലെന്ന് ഭാഗ്യലക്ഷ്മി തെളിയിക്കുകയും ചെയ്തു. ബേക്കൽ ഉപജില്ലാ സ്കൂൾ ഒളിമ്പിക്സിൽ എൽപി, യുപി കിഡ്ഡീസ് വിഭാഗങ്ങളിലായി തുടർച്ചയായ മൂന്ന് തവണ വ്യക്തിഗത ചാമ്പ്യനുമായി ജില്ലാ സബ് ജൂനിയർ കബഡി ടീമിലും അംഗമാണ്. സ്കൂൾ തെയ്ക്കോൺഡോയിൽ സബ് ജൂനിയർ ഗേൾസ് 38 കിലോ വിഭാഗത്തിൽ സിൽവർ മെഡൽ നേടിയിരുന്നു. കെഎസ്ആർടിസി കാഞ്ഞങ്ങാട് ഡിപ്പോ മെക്കാനിക്കും സ്കൂൾ പിടിഎ വൈസ് പ്രസിഡന്റും ആയ വെള്ളിക്കോത്ത് കിനാത്തി ഹൗസിലെ കെ.സുജിത്തിന്റെയും കൺസ്യൂമർഫെഡിൽ ഫാർമസിസ്റ്റായ അട്ടേങ്ങാനത്തെ പി.രമ്യയുടെയും മകളാണ് ഈ കായിക പ്രതിഭ.
0 Comments