കാഞ്ഞങ്ങാട്: പാണത്തൂർ ഗവ.എച്ച്.എസിന് ഊട്ടുപ്പുര നിമ്മിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. ഊട്ടുപ്പുര നിമ്മിക്കുന്നതുമായി ബന്ധപ്പെട്ട ടെൻഡർ കരാർ നടപടികൾ സ്വീകരിച്ച് മാർച്ച് 31 നകം നിർമാണം പൂർത്തിയാക്കാൻ കമ്മിഷൻ അംഗം ബി.മോഹൻകുമാർ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും വിദ്യാഭ്യാസ ഉപ ഡയറക്ടർക്കും നിർദ്ദേശം നൽകി. ഊട്ടുപുര നിർമ്മാണത്തിന് ആവശ്യമായ സ്ഥലം നിജപ്പെടുത്തി നവംബർ 20നകം സെക്രട്ടറിക്ക് റിപ്പോർട്ട് നൽകണം. ഊട്ടുപുര നിർമ്മാണത്തിന് ആവശ്യമായ സ്ഥലം ലഭ്യമാക്കി തരുന്ന സമയത്ത് രണ്ടാം എതിർകക്ഷി നിർമ്മാണ ജോലിക്കാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഊട്ടുപുര നിർമ്മാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കുന്ന ഘട്ടത്തിൽ അനുവദിച്ച തുകയേക്കാൾ അധികരിക്കുതയാണെങ്കിൽ അത് ലഭ്യമാക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കണം.
സ്കൂളിൽ 600 കുട്ടികളാണ് പഠിക്കുന്നത്. ഇതിൽ പകുതിയിലധികവും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്നവരാണ്. കുട്ടികൾ കടവരാന്തയിലും, പുഴവക്കിലും, സ്കൂൾ ഗ്രൗണ്ടിലും ഇരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്നും, ഭക്ഷണം കഴിക്കുന്ന സമയത്ത് തെരുവുനായ്ക്കൾ ആക്രമിക്കാൻ വരാറുണ്ടെന്നും അതിനാൽ കുട്ടികൾക്ക് ഊട്ടുപ്പുര നിർമ്മിച്ച് പ്രശ്ന പരിഹാരം കാണണമെന്നുമുള്ള പാണത്തൂർ സ്വദേശി തമ്പാൻ നൽകിയ പരാതിയിന്മേലാണ് ഉത്തരവ്. കമ്മിഷന്റെ ശുപാർശകളിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 2012 ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മഷൻ ചട്ടങ്ങളിലെ ചട്ടം 45 പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കമ്മിഷന് ലഭ്യമാക്കേണ്ടതാണ്.
0 Comments