Ticker

6/recent/ticker-posts

മൂന്ന് സ്ത്രീകൾക്ക് നേരെ വധശ്രമം നാല് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : കുടുംബ സംഗമം നടക്കുന്നിടത്തെത്തിയ മൂന്ന് സ്ത്രീകൾക്ക് നേരെ വധശ്രമം. പരിക്കേറ്റ സ്ത്രീകളെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപെട്ട് നാല് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു. കാഞ്ഞങ്ങാട് കടപ്പുറം വെല്ലുമ്മാട് താഹ അബ്ദുൾ ലത്തീഫിൻ്റെ ഭാര്യ കെ. മുഹ്സീന30, കല്ലൂരാവി ബാവനഗറിലെ മുസീഫ ബി 45, എ.പി. ആരിഫ 30 എന്നിവർക്കാണ് പരിക്ക്. പരിക്കേറ്റ മൂവരും ബന്ധുക്കളാണ്. പരാതിയിൽ സി.എച്ച്. ബഷീർ, സി.എച്ച്. ജാഫർ, സി.എച്ച്. ശംസു , സി .എച്ച്. മൂസ, സി.എച്ച്. നൂറു എന്നിവർക്കെതിരെയാണ് കേസ്. പുഞ്ചാവി കടപ്പുറത്ത് വച്ചാണ് സംഭവം. ഇവിടെ നടന്ന കുടുംബ സംഗമ സ്ഥലത്തേക്ക്, മുഹസീനയുടെ ഭർത്താവിന് റാഷിദിൽ നിന്നും ലഭിക്കാനുള്ള പണം ചോദിക്കുന്നതിന് എത്തിയതായിരുന്നു മുഹസീനയും ഉമ്മയും അമ്മായിയും. മുഹ്സീനയെ
അശ്ലീലഭാഷയിൽ ചീത്ത വിളിച്ച് തള്ളി താഴെയിട്ട് പരിക്കേൽപ്പിക്കുകയും തടയാൻ ശ്രമിച്ച മറ്റ് സ്ത്രീകളെയും തള്ളി താഴെയിട്ടു. ഇത് കണ്ട് തടയാനെത്തിയ മുഹ്സീനയെ കസേര കൊണ്ട് തലക്ക് പിറകിൽ അടിച്ച് പരിക്കേൽപ്പിക്കുകയും വീണ്ടും അടിക്കുന്ന സമയം ഒഴിഞ്ഞു മാറിയില്ലായിരുന്നുവെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നു എന്നാണ് കേസ്. മുഖത്തടിക്കുകയും കസേര കൊണ്ട് കാലിൽ അടിച്ച് വീഴ്ത്തിയതായും പരാതിയുണ്ട്. കൊന്ന് കടലിൽ താഴ്ത്ത് ആരും ചോദിക്കാൻ വരില്ലെന്ന് ഭീഷണിപ്പെടുത്തിയതിനും കേസുണ്ട്. ബി. എൻ. എസ് 296 (b) , 115 (2), 118 (1), 110 , 351 (2), 3 (5) വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഇതേ സംഭവത്തിൽ കല്ലൂരാവിചിറമ്മലിലെ സി.എച്ച്. ഷംസുദീനെ 43,കൈ കൊണ്ട് തള്ളി താഴെയിട്ടെന്ന പരാതിയിൽ കണ്ടാലറിയാവുന്ന സ്ത്രീക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കുടുംബ സംഗമം നടക്കുന്ന സ്റ്റേജിനടുത്തു വച്ച് കുടുംബാംഗമായ റാഷിദുമായുള്ള സാമ്പത്തിക ഇടപാട് തർക്കത്തിൽ തള്ളിയിട്ടെന്ന പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments