Ticker

6/recent/ticker-posts

കണ്ണൂർ - മംഗ്ളുരു പാസഞ്ചർ ട്രെയിനിലെ വനിതാ കോച്ചിൽ തിങ്ങി ഞെരുങ്ങി യാത്രക്കാർ

കാഞ്ഞങ്ങാട്: കണ്ണൂര്‍-മംഗളൂരു പാസഞ്ചർ തീവണ്ടിയില്‍ വന്‍തിരക്ക്. എന്ന് തീരും ഈ ദുരിതമെന്നാണ് സ്ത്രീകൾ അടക്കമുള്ള നിത്യയാത്രക്കാരുടെ ചോദ്യം. കഴിഞ്ഞ ദിവസം രാവിലെ മംഗളൂരുവിലേക്കുള്ള യാത്രയില്‍ സ്ത്രീകളും കുട്ടികളും തിരക്കിൽ വീർപ്പ് മുട്ടി. സൂചി കുത്താൻ ഇടമില്ലാത്ത രീതിയിലായിരുന്നു സ്ത്രീ കംപാർട്ടുമെൻ്റിലെ തിരക്ക്. 14 കോച്ചുണ്ടായിരുന്ന പാസഞ്ചര്‍ ഇപ്പോള്‍ 10 ഓളം കോച്ചുകളുമായാണ് ഓടുന്നത്. ലേഡീസ് കോച്ചടക്കം കൂട്ടണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് ഉൾപെടെ പല കുറി പരാതി നല്‍കിയിട്ടും റെയിൽവെ അധികൃതരുടെ ഭാഗത്ത് നിന്നും കുലുക്കമില്ല. കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിൽ ഉൾപെടെ പരാതി നല്‍കിയിരുന്നു. കണ്ണൂർ മുതൽ കാസർകോട് വരെയുള്ള സർക്കാർ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും മറ്റ് നിത്യയാത്രക്കാരും പ്രധാനമായും ആശ്രയിക്കുന്ന ട്രെയിനാണിത്. എല്ലാ ദിവസവും രാവിലെ തിക്കിലും തിരക്കിലും മണിക്കൂറുകളോളം യാത്ര ചെയ്യണ്ടുന്ന ദുർഗതിയാണിവർക്ക്. ഒരു കോച്ചിന്റെ പകുതി വലുപ്പം മാത്രമുള്ള ലേഡീസ് കോച്ചുകളാണുള്ളത്. നാല് വലിയ സീറ്റും നാല് ചെറു സീറ്റും മാത്രമെ ഉള്ളു. ശ്വാസം മുട്ടി നിരവധി പെണ്‍കുട്ടികൾ പലപ്പോഴായി ട്രെയിനിനുള്ളിൽ വീഴുന്നതായി വനിതാ യാത്രക്കാര്‍ പറഞ്ഞു. ബോധരഹിതയായി വീണ സംഭവവും ഉണ്ടായിട്ടുണ്ട്. കടുത്ത യാത്രാ തിരക്കിന് പരിഹാരമായി കോച്ച് കുട്ടണമെന്നാവശ്യപ്പെട്ട് മംഗളുരു -നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസിനെതിരെ നേരത്തെ പാസഞ്ചര്‍ അസോസിയേഷനുകള്‍ ജില്ലാ താലുക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റികളില്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പരശുറാമില്‍ കോച്ച് കൂട്ടുകയും ചെയ്തിരുന്നുവെങ്കിലും നിരന്തരം പരാതി ഉയർന്നിട്ടും കണ്ണൂർ - മംഗ്ളുരു പാസഞ്ചറിന് കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ അധികൃതർ തയാറാകുന്നില്ല. ലേഡീസ് കോച്ച് വലുതാക്കുകയോ, മറ്റൊരു കോച്ച് കൂടി ഘടിപ്പിക്കുകയോ ചെയ്താൽ സ്ത്രീയാത്രക്കാർക്ക് ആശ്വാസമാകുമെന്ന് വനിതാ യാത്രക്കാർ പറഞ്ഞു. നാല് കോച്ച് കൂടി ഘടിപ്പിച്ചാൽ എല്ലാ യാത്രക്കാർക്കും തെല്ലൊരു ആശ്വാസമാകുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

Reactions

Post a Comment

0 Comments