കാഞ്ഞങ്ങാട് :ജില്ലാ ആശുപത്രിയിൽ നിർമ്മിച്ച 5 നില കെട്ടിടത്തിന്റെ ലിഫ്റ്റ് ചാനൽ നിർമ്മാണം മാസങ്ങളായി എങ്ങുമെ ത്താത്ത നിലയിൽ. എഞ്ചിനീയർമാരും കരാറുകാരും തമ്മിലുള്ള അഭിപ്രായ ഭിന്നത കാരണം ലിഫ്റ്റ് ചാനൽ പലതവണ പൊളിച്ച് പണി തുടരുന്ന് കൊണ്ടേയിരിക്കുകയാണെന്നാണ് ആരോപണം. ഇത് മൂലം ദുരിതത്തിൽ ആകുന്നതാവട്ടെ നൂറുകണക്കിന് രോഗികളാണ്. ലിഫ്റ്റ് ചാനൽ നിർമ്മാണത്തിന്റെ മേൽനോട്ടം വഹിക്കുന്ന ജില്ലാ പഞ്ചായത്തിലെ എൻജിനീയർമാരും കരാറുകാരും തമ്മിൽ പല കാരണങ്ങൾ ചൂണ്ടിക്കാട്ടി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നതായാണ് വിവരം. ഇത് കാരണം ലിഫ്റ്റ് ചാനൽ യാഥാർത്ഥ്യമാക്കാതെ പൊളിച്ചു പണിയുന്നത് മൂലം നിർമ്മാണ പ്രവർത്തികൾ നീണ്ട് പോവുകയാണ്. 20 ലക്ഷത്തിലേറെ രൂപ ചിലവഴിച്ചുള്ള ലിഫ്റ്റ് നിർമ്മാണമാണ് നടക്കുന്നത്. നിർമ്മാണത്തിനിടയിൽ നാല് തവണ മാറ്റങ്ങൾ വരുത്തി. ലിഫ്റ്റിനായുള്ള കുഴിയുടെ വീതിക്ക് പോരായ്മ, ഉപയോഗിക്കുന്ന കമ്പിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവ പൊളിച്ചു പണിയുന്നതിന് കാരണങ്ങളായി മാറി. മാസങ്ങളായി പണി തുടരുമ്പോൾ ജനറൽ ഒ പിയിലേക്ക് ഉൾപ്പെടെ പോകേണ്ട രോഗികൾ അഞ്ചുനില കെട്ടിടത്തിന്റെ പടി കയറുന്ന ദുരിതത്തിലാണ്. നിർമ്മാണവും പൊളിക്കലും മുറപോലെ തുടരുമ്പോൾ ജില്ലാ ആശുപത്രിയിലെ ലിഫ്റ്റ് ചാനൽ യാഥാർത്ഥ്യമാക്കുവാൻ ഇനിയും തുക വേണ്ടിവരും എന്നാണ് കണക്കുകൂട്ടലുകൾ. നികുതിപ്പണം പാഴാക്കുന്ന നിർമ്മാണത്തിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പ്രായമായ വർ ഉൾപെടെ പടികയറി തളരുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. രോഗികൾ നടന്ന് പോകാൻ ഏറെ പ്രയാസപ്പെടുന്നു. സ്ട്രെക്ച്ചറിൽ രോഗികളെ മുകൾ വാർഡിലെത്തിക്കാൻ ജീവനക്കാരും പ്രയാസത്തിലാണ്. ഐ സി യു ഉൾപെടെ ആശുപത്രിയിലെ രണ്ടാം നില വാർഡിലാണുള്ളത്. ജില്ലാ പഞ്ചായത്ത് ഇടപെട്ട് ലിഫ്റ്റ് നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ആവശ്യം.
0 Comments