കാഞ്ഞങ്ങാട് :ഡി അഡിക്ഷൻ സെൻ്ററിൽ നിന്നും ചാടിയ രണ്ട് യുവാക്കൾ കടക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന യുവതിയുടെ സ്കൂട്ടിയുമായി രക്ഷപ്പെട്ടു. വാഹനം പിന്നീട് മംഗലാപുരത്ത് ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടു. രാവണീശ്വരത്താണ് സംഭവം. ഇവിടെ കടക്ക് മുന്നിൽ താക്കോൽ സഹിതം നിർത്തിയിട്ടിരുന്ന സ്കൂട്ടിയുമായാണ് യുവാക്കൾ കടന്നു കളഞ്ഞത്. കടയിൽ സാധനം വാങ്ങാൻ യുവതി പോയ തക്കത്തിനാണ് സ്കൂട്ടറുമായി രക്ഷപ്പെട്ടത്. ലഹരി ഉപയോഗം വർദ്ധിച്ചതിനെ തുടർന്നായിരുന്നു ബന്ധുക്കൾ ഇരുവരെയും സെൻ്ററിൽ പ്രവേശിപ്പിച്ചത്. സ്കൂട്ടർ കാണാതായത് സംബന്ധിച്ച്
ഹോസ്ദുർഗ് പൊലീസിൽ പരാതിയെത്തുകയും പൊലീസ് സി. സി. ടി. വി ഉൾപെടെ പരിശോധിക്കുന്നതിനിടെ മംഗലാപുരം റെയിൽവെ സ്റ്റേഷൻ പരിസരത്ത് സ്കൂട്ടി നിർത്തിയിട്ടതായി കാണുകയായിരുന്നു. സ്കൂട്ടർ എടുക്കാൻ രാവണീശ്വരത്ത് നിന്നും ബന്ധുക്കൾ പോയെങ്കിലും വിട്ടു കിട്ടിയില്ല. വാഹനത്തിൻ്റെ ആർ.സി ഉടമ ഹാജരായാൽ വിട്ടു നൽകാമെന്ന് മംഗലാപുരം പൊലീസ് അറിയിച്ചു. രക്ഷപ്പെട്ടവർ ബംഗ്ളുരുവിലുള്ളതായും വിവരമുണ്ട്.
0 Comments