കാഞ്ഞങ്ങാട് : മടിക്കൈയിലൂടെ മലയോരത്തേക്ക് വീണ്ടും പുതിയ ബസ് പെർമിറ്റ് അനുവദിച്ച വൈരാഗ്യത്തിൽ ബസ് ഡ്രൈവറെ ആക്രമിക്കുകയും ബസിനുള്ളിൽ കയറി അതിക്രമം കാട്ടിയതായി പരാതി. സംഭവത്തിൽ നാല് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ആർടിഒയുടെ നേതൃത്വത്തിൽ നടന്ന സമയനിർണയ യോഗത്തിൽ പങ്കെടുത്ത മൂകാംബിക ബസ് ഡ്രൈവർ കൊന്നക്കാട് കരിമ്പിൽ കണ്ടത്തിൽ കെ.കെ. അബ്ദുൾ ബഷീറിന് (47) നെരെയാണ് അക്രമം. കഴിഞ്ഞ ദിവസം വൈകീട്ട് കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ സംഘടിതമായി ആക്രമിച്ചതായാണ് പരാതി. ശ്രീശബരി ബസ് ഉടമ അഭിനേഷ്, അർജുൻ മറ്റ് കണ്ടാലറിയുന്ന രണ്ട് പേർക്കെതിരെയാണ് കേസ്. വൈകീട്ട് 6.40ന് കാരാക്കോടേക്കുള്ള ശ്രീശബരിയുടെ ബസിന് മുന്നിൽ, 6.32നാണ് മൂകാംബികയുടെ പുതിയ ബസിന് മടിക്കൈ കാഞ്ഞിരപ്പൊയിൽ വഴി മാലോം, ചുള്ളിയിലേക്ക് കാസർകോട് ആർടിഒ സമയം അനുവദിച്ചത്. 6 കിലോമീറ്റർ ഭാഗം 10 മിനിട്ട് മുന്നിൽ കടന്നു പോകും. ഇതിനാലാണ് ജോലിയുടെ ഭാഗമായി യോഗത്തിൽ ഹാജരായ തൊഴിലാളിയെ അക്രമിച്ചത്. മലയോരത്തേക്ക് ചുരുങ്ങിയ നിരക്കിലും സമയത്തിലും എത്തുന്നതാണ് മടിക്കൈ വഴിയുള്ള പെർമിറ്റ്. ഫെബ്രുവരിയിൽ പാസായ പുതിയ പെർമിറ്റിന് നവംബർ 6 നാണ് സമയക്രമം അനുവദിച്ചു കിട്ടിയത്. ബസിനുള്ളിൽ കയറിയ പ്രതികൾ പതിനായിരം രൂപ വില വരുന്ന രണ്ട് സി.സി.ടി.വി ക്യാമറകൾ വലിച്ചു പൊട്ടിക്കുകയും പരാതിക്കാരനെ ഇടത് ചെവിക്കും തലക്കും പുറത്തും അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി. ഇയർഫോൺ വലിച്ചു പൊട്ടിച്ചതിൽ 2500 രൂപയുടെ നഷ്ടം സംഭവിച്ചു.
0 Comments