കാഞ്ഞങ്ങാട് ; യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവത്തിന് പിന്നാലെ ജില്ലയിൽ ട്രെയിനുകളിൽ വ്യാപക പരിശോധന. റെയിൽവെ പൊലീസ് ഇന്ന് രാവിലെ മുതൽ മഫ്തിയിൽ പരിശോധന തുടർന്നു. പരിശോധന രാത്രിയിലും തുടർന്നു. മംഗലാപുരം ഭാഗത്ത് നിന്നും വരുന്നതും പോകുന്നതുമായ മിക്ക ട്രെയിനുകളും പരിശോധിച്ചു. കൊങ്കൺ പാത വഴി വന്ന ട്രെയിനുകളിൽ പ്രത്യേക അന്വേഷണം നടന്നു. ട്രെയിനിൽ തമ്പടിക്കുന്ന സാമൂഹ്യദ്രോഹികളെ പിടികൂടുക എന്നതാണ് പരിശോധനയുടെ പ്രധാന ഉദ്ദേശമെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിൽ യാത്ര ചെയ്യുന്നവരെ പിടികൂടി കേസെടുക്കും. മയക്ക് മരുന്ന് ലഹരി ഉപയോഗിച്ച് യാത്ര ചെയ്യുന്നവരെ കണ്ടെത്തി കേസെടുക്കും. ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണവും പരിശോധിച്ചു. തീയ്യതികഴിഞ്ഞ ഭക്ഷണം വിതരണം ചെയ്യുന്നതും ശുചിത്വം ഇല്ലാതെ ഭക്ഷണം സൂക്ഷിച്ച് വിതരണം ചെയ്യുന്നതും പരിശോധിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തിനടുത്ത് മദ്യ ലഹരിയിൽ യാത്രക്കാരൻ യുവതിയെ തള്ളിയിട്ട് ഗുരുതരാവസ്ഥയിൽ ആയതിന് പിന്നാലെയാണ് റെയിൽവെ പൊലീസ് ട്രെയിനുകളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് റെയിൽവെ പൊലീസ് അറിയിച്ചു.എസ്. എച്ച്. ഒ റെജി കുമാർ, ആർ. പി .എഫ്എസ്.ഐ വിനോദ് , എ . എസ് . ഐ പ്രദീപ്കുമാർ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ജ്യോതിഷ് ജോസ് എന്നിവർ പങ്കെടുത്തു.
0 Comments