Ticker

6/recent/ticker-posts

എൽ.ഡി.എഫ് സീറ്റ് നൽകിയില്ല കാഞ്ഞങ്ങാട് നഗരസഭയിൽ എൻ.സി.പി.എസ് ഒറ്റക്ക് മൽസരിക്കുന്നു

കാഞ്ഞങ്ങാട്: ഇടതുമുന്നണി നേതൃത്വം സീറ്റ് നൽകാത്തതിനെ തുടർന്ന് കാഞ്ഞങ്ങാട് നഗരസഭയിലെ നാല് വാർഡുകളിൽ സ്വന്തം സ്ഥാനാർത്ഥികളെ നിർത്തി മത്സര രംഗത്തിറങ്ങാൻ എൻ. സി. പി. എസ് ബ്ലോക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു. പുതിയ വാർഡായ പനങ്കാവ് (19), കാഞ്ഞങ്ങാട് സൗത്ത് (39), നിലാങ്കര (17), ആവിക്കര(42) വാർഡുകളിലാണ് എൻ. സി. പി. എസ് സ്ഥാനാർത്ഥികളെ നിർത്തുന്നത്. മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പേരുവിവരം അടുത്ത ദിവസം പുറത്തുവിടും.ബ്ലോക്ക് പ്രസിഡന്റ് രാഹുൽ നിലാങ്കര, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രമ്യ രാജേഷ്, ശീതൾ, നികേഷ് ആവിക്കര, മുഹമ്മദലി, റംല കാഞ്ഞങ്ങാട് തുടങ്ങിയവർ സ്ഥാനാർഥി പട്ടികയിലുണ്ട്. ഇത്തവണ നഗരസഭയിൽ രണ്ടു സീറ്റുകൾ നൽകാമെന്ന് സി.പി.എം നേതൃത്വം നേരത്തെ തന്നെ എൻ.സി.പി.എസ് നേതാക്കൾക്ക് ഉറപ്പ് നൽകിയതാണെന്ന് നേതാക്കൾ പറഞ്ഞു. നിയുക്ത നഗരസഭാ ചെയർമാൻ വി.വി. രമേശനും സീറ്റ് നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. മുന്നണിയിലെ മറ്റു ഘടകകക്ഷികൾക്കെല്ലാം സീറ്റുകൾ വാരിക്കോരി നൽകുകയും ചെയ്തു. മത്സരിക്കാൻ പോലും ആളില്ലാത്ത പാർട്ടിക്ക് നഗരസഭയിൽ സീറ്റ് നൽകാൻ സി പി എം തയ്യാറായി. എന്നാൽ ശക്തമായ സംഘടന സംവിധാനമുള്ള പാർട്ടിയെ പൂർണ്ണമായും തഴയുന്ന നിഷേധാത്മകമായ സമീപനമാണ് സി. പി. എം സ്വീകരിച്ചത്. മുന്നണി പരിപാടികളെല്ലാം ആളും അർത്ഥവും നൽകി വിജയിപ്പിക്കാൻ എന്നും മുന്നിട്ടിറങ്ങുന്ന പാർട്ടിയോട് ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത്. മുന്നണി മര്യാദയുടെ പൂർണ്ണമായ ലംഘനമാണ് സി.പി.എം കാണിച്ചതെന്ന് യോഗം വിലയിരുത്തി.
Reactions

Post a Comment

0 Comments