Ticker

6/recent/ticker-posts

തദ്ദേശ തിരഞ്ഞെടുപ്പ്: കാഞ്ഞങ്ങാട് മുസ്ലിം ലീഗിൽ ചർച്ച മുറുകി ചെയർമാൻ സ്ഥാനത്തേക്ക് മൂന്ന് പേരുകൾ

കാഞ്ഞങ്ങാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ആരവം ഉയർന്ന തോടെ കാഞ്ഞങ്ങാട് നഗരസഭയിൽ മുസ്ലീം ലീഗിൽ സ്ഥാനാർത്ഥിനിർണയത്തിന് തിരക്കിട്ട നീക്കം. സ്ഥാനമോഹവുമായി നിരവധി പേർ രംഗത്ത് വന്നു. അപ്രതീക്ഷിതമായി പല പേരുകളും ഉയർന്ന് വന്നതോടെ തർക്കവുമുയർന്നു. മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റും മുൻനഗരസഭ ചെയർമാനുമായ അഡ്വ. എൻ.എ. ഖാലിദ്, മുൻ സിപ്പിൽ മുസ്ലിം ലീഗ് പ്രസിഡൻ്റും മുൻ കൗൺസിലറുമായ എം.പി. ജാഫർ, മുൻ സിപ്പൽ മുസ്ലീം ലീഗ് വൈസ് പ്രസിഡൻ്റും നിലവിലെ നഗര സഭ പാർലമെന്റ് പ്രതിപക്ഷ നേതാവായ കെ.കെ. ജാഫർ എന്നിവർ മൽസരംഗത്ത് താത്പര്യപ്പെടുന്നു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ചെയർമാൻ സ്ഥാനത്തെത്തുമെന്ന് കരുതിയ കെ.കെ. ജാഫറിന് ഭീഷണിയായി എം.പി. ജാഫർ മൽസരംഗത്ത് വന്നു. കെ. കെ. ജാഫർ കഴിഞ്ഞതവണ മൽസരിച്ച വാർഡ് 43 ഇത്തവണ സംവരണമായി. ബല്ലാ കടപ്പുറം വാർഡ് ഒന്നിൽ മൽസരിക്കാമെന്ന കെ.കെ. ജാഫറിൻ്റെ മോഹത്തിന് തിരിച്ചടിയായി ഈ വാർഡിൽ എം.പി. ജാഫർ മൽസരിക്കാൻ താത്പര്യമറിയിച്ചു. എം. പി. ജാഫർ മൂന്ന് തവണ നഗരസഭ കൗൺസിലർ ആയിട്ടുണ്ട്. മൂന്ന് തവണ മൽസരിച്ചവർക്ക് വീണ്ടും സീറ്റ് നൽകരുതെന്ന പാർട്ടി ചട്ടം അടുത്തിടെ എടുത്ത് കളഞ്ഞത് എം.പി. ജാഫറിന് മൽസരിക്കാനുള്ള തടസം നീക്കി കിട്ടുന്നതായി. വാർഡ് രണ്ടിൽ ലീഗ് നേതാവ് സി.കെ. റഹ്മത്തുള്ള മൽസരിക്കാൻ താത്പര്യമറിയിച്ചതോടെ ഈ വാർഡിൽ അദ്ദേഹം തന്നെ മൽസരിക്കുമെന്നുറപ്പായി. തൊട്ടടുത്ത ലീഗ് വാർഡ് പട്ടികജാതി സംവരണമായതോടെ കെ. കെ. ജാഫറിന് നിലവിൽ സീറ്റില്ലാത്ത അവസ്ഥയായി. കഴിഞ്ഞ തവണ ടോസിലൂടെ ലീഗിന് നഷ്ടപ്പെട്ട കുശാൽ നഗർ വാർഡിൽ കെ.കെ. ജാഫറിൻ്റെയും ലീഗ് നേതാവ് ഷംസുദീൻ്റെയും പേരുകൾ പറഞ്ഞ് കേൾക്കുന്നു. യു.ഡി.എഫ് അധികാരത്തിലെത്തിയിരുന്നുവെങ്കിൽ ചെയർപേഴ്സൺ ആകുമായിരുന്ന വനിത ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ടി.കെ. സുമയ്യയെ ഇത്തവണയും ആറങ്ങാടി വാർഡിൽ മൽസരിപ്പിക്കണമെന്ന ആവശ്യമുയർന്നു. സുമയ്യ മൂന്ന് തവണ മൽസരിച്ച് മൂന്ന് തവണയും വിജയിച്ചു. സ്വന്തം വാർഡ് ജനറൽ ആയെങ്കിലും ഈ സീറ്റിൽ തന്നെ നിർത്തണമെന്നാണ് ആവശ്യം. നിലവിലെ പല കൗൺസിലർമാരും വീണ്ടും മൽസരിക്കാൻ താത്പര്യമറിയിക്കുകയും പുതുമുഖങ്ങൾ രംഗത്ത് വന്നതോടെ ചില വാർഡുകളിൽ തർക്കം നിലനിൽക്കുന്നു. കല്ലൂരാവി വാർഡിൽ മുൻ കൗൺസിലർ സെവൻസ്റ്റാർ അബ്ദുൾ റഹ്മാൻ്റെയും സവാദ് കല്ലൂരാവിയുടെയും പേരുകൾ ഉയർന്നു. മുൻ കൗൺസിലർ ഖദീജയുടെ പേര് പരിഗണനയിലുണ്ടെങ്കിലും മൽസരിപ്പിക്കുന്ന സീറ്റ് സംബന്ധിച്ച് തീരുമാനമായില്ല. വനിത കൺവെൻഷൻ ഉൾപെടെ ആരംഭിച്ച് മുസ്ലിം ലീഗ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്ക് തുടക്കം കുറിച്ചു. 

Reactions

Post a Comment

0 Comments