Ticker

6/recent/ticker-posts

കാസർകോട് ജില്ലയിൽ 119 ഉം കണ്ണൂരിൽ 1025 പ്രശ്ന ബാധിത ബൂത്തുകൾ, അതീവ സുരക്ഷ

കാഞ്ഞങ്ങാട് :രണ്ടാംഘട്ട വോട്ടെടുപ്പിൽ 2055 പ്രശ്നബാധിത ബൂത്തുകൾ
വോട്ടെടുപ്പ് കർശന നിരീക്ഷണത്തിൽ
    രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ആകെ 18274 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതിൽ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശൂർ- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട്— 189, കണ്ണൂർ- 1025 , കാസർകോട്- 119 എന്നിങ്ങനെയാണ് പ്രശ്ന ബാധിത ബൂത്തുകളുടെ ജില്ല തിരിച്ചുള്ള എണ്ണം. ഈ ബൂത്തുകളിൽ അതീവ സുരക്ഷാക്രമീകരണങ്ങളും വെബ്കാസ്റ്റിംഗ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ അധിക പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.  പ്രശ്നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് പ്രക്രിയ പൂർണ്ണമായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. ഇതോടൊപ്പം അതത്  ജില്ലാ  കലക്ടറേറ്റുകളിൽ സജ്ജീകരിച്ചിട്ടുള്ള കൺട്രോൾ റൂമുകളിലും പ്രശ്നബാധിത ബൂത്തുകളിൽ ഏർപ്പെടുത്തിയ ലൈവ് വെബ്കാസ്റ്റിങിലൂടെ നിരീക്ഷിക്കും. സിറ്റി പൊലീസ് കമ്മീഷനർമാരുടെയും ജില്ലാ പൊലീസ് മേധാവികളുടെയും നേതൃത്വത്തിലാണ് ജില്ലകളിൽ നിരീക്ഷണം നടത്തുന്നത്.
ബൂത്തുകളിൽ എന്തെങ്കിലും അസാധാരണ നടപടി കണ്ടാൽ ഉടൻ തന്നെ കമ്മീഷൻ ഇടപെട്ട് നടപടി സ്വീകരിക്കും. ബൂത്തിനുളളിൽ അതിക്രമിച്ചു കയറുകയോ, കൂട്ടംകൂടി നിന്ന് തിരഞ്ഞെടുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉടൻ പൊലീസിന് നിർദ്ദേശം നൽകും. തിരഞ്ഞെടുപ്പ്കമ്മീഷൻ ആസ്ഥാനത്ത് രണ്ട് കൺട്രോൾ റൂമുകളാണ് പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ്ക മ്മീഷനിലെ ഉദ്യോഗസ്ഥർക്ക് പുറമെ പൊലീസ്, എക്സൈസ്, ബിഎസ്എൻഎൽ, ഐകെഎം, മോട്ടോർവാഹനവകുപ്പ്, കെൽട്രോൺ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമാണ് നിരീക്ഷണം നടത്തുന്നത്.
 
പോളിങ് ഏജന്റ് നിയമനം
തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ ഒരു വാർഡിലെ പോളിങ് സ്റ്റേഷനിൽ  പോളിങ് ഏജന്റായി നിയമിക്കപ്പെടുന്ന ആൾ ആ വാർഡിലെ വോട്ടർ ആയിരിക്കണമെന്ന് നിർബന്ധമില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
 
 
രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ (ഡിസം.11)
ഏഴ് ജില്ലകളിലായി 15337176 വോട്ടർമാരും 38994 സ്ഥാനാർത്ഥികളും
    തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ (ഡിസംബർ 11) രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്.  തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് - 470, ബ്ലോക്ക് പഞ്ചായത്ത് - 77, ജില്ലാ പഞ്ചായത്ത് - 7, മുനിസിപ്പാലിറ്റി - 47, കോർപ്പറേഷൻ - 3) 12391 വാർഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാർഡ് - 9015, ബ്ലോക്ക് പഞ്ചായത്ത് വാർഡ് - 1177, ജില്ലാ പഞ്ചായത്ത് വാർഡ് - 182, മുനിസിപ്പാലിറ്റി വാർഡ് - 1829, കോർപ്പറേഷൻ വാർഡ് - 188) ഇന്ന് (ഡിസംബർ 11) വോട്ടെടുപ്പ് നടക്കുന്നത്.    
   ആകെ 15337176 വോട്ടർമാരാണ് പട്ടികയിലുള്ളത് (പുരുഷൻമാർ - 7246269, സ്ത്രീകൾ - 8090746, ട്രാൻസ്ജെൻഡർ - 161). 3293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്.    ആകെ 38994 സ്ഥാനാർത്ഥികളാണ് (18974 പുരുഷന്മാരും, 20020 സ്ത്രീകളും)  മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്ക്  28274 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3742 ഉം, ജില്ലാ പഞ്ചായത്തിലേയ്ക്ക് 681 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 5546 ഉം, കോർപ്പറേഷനുകളിലേയ്ക്ക് 751 ഉം സ്ഥാനാർത്ഥികളുമാണ് മത്സരരംഗത്തുള്ളത്. കാൻഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ 18274 കൺട്രോൾ യൂണിറ്റും 49019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2631 കൺട്രോൾ യൂണിറ്റും 6943 ബാലറ്റ് യൂണിറ്റും റിസർവ്വായി കരുതിയിട്ടുണ്ട്.
   തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിൽ  കണ്ണൂർ ജില്ലയിലെ ആന്തൂർ മുൻസിപ്പാലിറ്റിയിലെ 5 വാർഡുകളിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാലും  മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിൽ സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്നും വോട്ടെടുപ്പ് ഉണ്ടായിരിക്കുന്നതല്ല. കാസർകോട് ജില്ലയിലെ 2 ഗ്രാമ പഞ്ചായത്തുകളിലെ ഓരോ വാർഡിലും കണ്ണൂർ ജില്ലയിലെ ആന്തൂർ മുനിസിപ്പാലിറ്റിയിലെ 5 വാർഡുകളിലും 2 ഗ്രാമപഞ്ചായത്തുകളിലായി 9 വാർഡുകളിലും സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂരിൽ ആന്തൂർ മുനിസിപ്പാലിറ്റിയിലെ മൊറാഴ, കൊടല്ലൂർ, തളിയിൽ, പൊടികുണ്ഡ്, അൻജംപീഡിക എന്നീ വാർഡുകളിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ അവിടങ്ങളിൽ വോട്ടെടുപ്പില്ല.മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി ഹസീന മരണപ്പെട്ടതിനാൽ ആ വാർഡിലെ വോട്ടെടുപ്പു മാറ്റിവച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ മംഗൽപാടി, മടിക്കൈ ഗ്രാമപഞ്ചായത്തുകളിൽ ഓരോ വാർഡുകളിലും കണ്ണൂർ ജില്ലയിലെ കണ്ണാപുരം ഗ്രാമപഞ്ചായത്തിൽ 6 വാർഡിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 3 വാർഡുകളിലും സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞടുക്കപ്പെട്ടതിനാൽ ഗ്രാമപഞ്ചായത്ത് വാർഡിലേക്ക് വോട്ടെടുപ്പ് ഉണ്ടാകില്ല. എന്നാൽ അതത് പോളിംഗ് ബൂത്തുകളിൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ്നടക്കും.
Reactions

Post a Comment

0 Comments