യുവതിയെ പൊലീസ് പിന്നീട് രക്ഷിതാക്കളെ ഏൽപ്പിച്ചു.
മേൽപ്പറമ്പ പൊലീസ് സ്റ്റേഷനിലേക്ക് ഒരു സ്ത്രീ ഫോൺ വിളിച്ച് തന്റെ മകൾ വീട്ടിൽ നിന്നും പിണങ്ങിപ്പോയതായി പറഞ്ഞിരുന്നു.
യുവതിയുടെ ലൊക്കേഷൻ സൈബർ സെൽ മുഖേന മനസിലാക്കി, മേൽപ്പറമ്പ് പൊലീസ് ഇൻസ്പെക്ടർ എൻ. പി രാഘവൻ്റെ നിർദേശ പ്രകാരം എസ്.ഐ അനീഷ്, പൊലീസുകാരായ രാജേഷ്, ഹരീഷ് കടവത്ത്, ജെയിംസ് എന്നിവർ ലൊക്കേഷൻ ലക്ഷ്യമാക്കി അന്വേഷണം ആരംഭിച്ചു. യുവതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. നിരന്തരം വിളിച്ചപ്പോൾ ഫോൺ എടുത്ത യുവതി താൻ റെയിൽവേ ട്രാക്കിനു സമീപം ഉണ്ടെന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു. യുവതിയെ ഫോൺ കട്ട് ചെയ്യാൻ അനുവദിക്കാതെ പൊലീസ് സംഘം ലൊക്കേഷൻ ലഭിച്ച ചാത്തങ്കൈ റെയിൽവേ ട്രാക്കിന് അരികിൽ കുതിച്ചെത്തി. തിരച്ചിലിൽ റെയിൽവേ ട്രാക്കിന് അരികെ കുറ്റിക്കാട്ടിൽ നിന്നും യുവതിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് യുവതിയെ സമാധാനിപ്പിച്ച് സ്റ്റേഷനിൽ എത്തിക്കുകയും രക്ഷിതാക്കളെയും ബന്ധുക്കളെയും വിളിച്ച് വരുത്തി അവരോടൊപ്പം പറഞ്ഞു വിടുകയും ചെയ്തു. അടിയന്തിര സാഹചര്യങ്ങളിൽ 112 എന്ന നമ്പർ വിളിക്കണമെന്ന് പൊലീസ് അറിയിച്ചു.
0 Comments