Ticker

6/recent/ticker-posts

സൗഹൃദത്തിൻ്റെ കുളിർമഴ, അപകടത്തിൽ പരിക്കേറ്റ നാഫിയക്ക് കൂട്ടായ് കുട്ടി പൊലീസ്

കാഞ്ഞങ്ങാട് :ഒരു വർഷത്തിലധികമായി ക്ലാസ് മുറിയുടെ ആരവങ്ങളിൽ നിന്നും കൂട്ടുകാരുടെ ചിരികളിൽ നിന്നും അകന്ന്, വേദനയുടെ ലോകത്ത് ഒറ്റപ്പെട്ട ഫാത്തിമത്ത് നാഫിയക്ക് ആശ്വാസത്തിന്റെ തണലുമായി പ്രിയപ്പെട്ട കൂട്ടുകാരെത്തി. ഹോസ്ദുർഗ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളാണ് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ പത്താം ക്ലാസ്സുകാരിയായ നാഫിയയുടെ ഒഴിഞ്ഞ വളപ്പിലെ വസതിയിലേക്ക് സ്നേഹത്തിന്റെ കൈത്താങ്ങുമായി എത്തിയത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നാഫിയക്ക്, കാക്കി കുപ്പായമിട്ട കൂട്ടുകാരുടെ വരവ് അപ്രതീക്ഷിതവും അതിലേറെ ആനന്ദകരവുമായി. വെറുംകൈയോടെയല്ല, തങ്ങളുടെ പ്രിയപ്പെട്ടവൾക്കായി കരുതിവെച്ചസ്നേഹസമ്മാനങ്ങളും ഉള്ളിലൊളിപ്പിച്ച കരുതലും അവർ കൈമാറി. എസ്. പി. സി യുടെ 'വൺ സ്കൂൾ വൺ കമ്മ്യൂണിറ്റിപ്രൊജക്ട്' പദ്ധതിയുടെ ഭാഗമായുള്ള 'ഫ്രണ്ട്സ് അറ്റ് ഹോം' എന്ന ആശയമാണ് ഈ ഒത്തുചേരലിന് വഴിയൊരുക്കിയത്. പാഠപുസ്തകങ്ങൾക്കപ്പുറം സഹജീവിസ്നേഹത്തിന്റെ വലിയ പാഠങ്ങൾ കൂടി അഭ്യസിക്കുകയാണ് ഈ കുരുന്നുകൾ. വേദനകളിൽ തളരാതെ മുന്നേറാൻ നാഫിയയ്ക്ക് ഈ സന്ദർശനം വലിയൊരു ഊർജ്ജമായി മാറി.ഹെഡ്മാസ്റ്റർ രാജേഷ് ,ഡോ.സുമ രമേഷ്,ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി, പിടിഎ   പ്രസിഡന്റ് ഗംഗാധരൻ , പിടിഎ വൈസ് പ്രസിഡന്റ് ഇബ്രാഹിം പള്ളിക്കര, മദർ പി ടി എ വൈസ് പ്രസിഡന്റ് ബിസ്മിത സലീം, പിടിഎ അംഗങ്ങളായ രാധിക, ഖദീജ, സ്റ്റാഫ് സെക്രട്ടറി ബാബുരാജ് , അധ്യാപകരായ വഹീദ, സിന്ധു, സീന,വിനോദ്, ശ്രീദേവ്, സുപ്രിയ എസ് പി സി കാഡറ്റുകൾ പങ്കെടുത്തു.

Reactions

Post a Comment

0 Comments