നടൻ ദിലീപിനെ കോടതി
വെറുതെ വിട്ടു.പൾസർ സുനി അടക്കം ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ശിക്ഷ 12 ന് വിധിക്കും. കേസിലെ ആദ്യ ആറ് പ്രതികളെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികളെ കസ്റ്റഡിയിലെടുത്തു. ദിലീപ് അടക്കം 4 പേരെയാണ് വിട്ടയച്ചത്.
നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇന്ന് വിധി പറഞ്ഞത്. നടൻ ദീലീപ് എട്ടാം പ്രതിയായ കേസിൽ രാവിലെ പതിനൊന്നിനാണ് നടപടികൾ തുടങ്ങിയത്. നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ പൾസർ സുനിയാണ് കേസില്‍ ഒന്നാം പ്രതി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തി വിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തു എന്നാണ് ദിലീപിന്എതിരായ കേസ്. എന്നാൽ തന്നെ കേസിൽ പെടുത്തിയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമാണ് ദിലീപിന്‍റെ വാദം.
കാവ്യാ മാധവനുമായുളള ദിലീപിന്‍റെ ബന്ധം അന്നത്തെ ഭാര്യയായിരുന്നു മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുളള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. കാവ്യാ മാധവനുമായുളള ദീലീപിന്‍റെ ചാറ്റുകൾ മഞ്ജു വാര്യർ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. രാമൻ, അണ്ണൻ, മീൻ, വ്യാസൻ തുടങ്ങിയ പേരുകളിലാണ് കാവ്യയുടെ ഫോൺ നമ്പരുകൾ ദിലീപ് തന്‍റെ ഫോണിൽ സേവ് ചെയ്തിരുന്നതെന്നും പ്രേസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നത് പൊലീസിന്‍റെ കെട്ടുകഥയെന്നാണ് ദിലീപ് നിലപാടെടുത്തത്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത്.തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്ന അതിജീവിതയ്ക്ക് നേരെ 2017 ഫെബ്രുവരിയിൽ അങ്കമാലിക്ക് സമീപമാണ് കുറ്റകൃത്യം നടന്നത്. ഒരു വാഹനം നടിയുടെ കാറിൻ്റെ പിന്നിൽ ഇടിച്ചതിനെ തുടർന്ന് കുറച്ച് പേർ ഡ്രൈവറുമായി വഴക്കുണ്ടാക്കുകയും തർക്കം പരിഹരിക്കുന്നതിനായി എന്ന വ്യാജേന ബലമായി കാറിൽ പ്രവേശിക്കുകയും ചെയ്തു.അവർ കാർ ദേശീയപാതയിലൂടെ എറണാകുളത്തേക്ക് ഓടിച്ചുപോയി. യാത്രാമധ്യേ, ഒന്നാം പ്രതിയായ പൾസർ സുനി നടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.പീഡന ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ പകർത്തി. തുടർന്ന് നടിയെ ഒരു സിനിമാ സംവിധായകൻ്റെ വീടിന് മുന്നിൽ ഉപേക്ഷിച്ച് പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
0 Comments