കാഞ്ഞങ്ങാട്:കിഴക്കുംകരയുടെ ഓരോ ചലനങ്ങൾക്കും മൂക സാക്ഷിയായിരുന്ന ഇരുനില കെട്ടിടം വിസ്മൃതിയിലായി. കിഴക്കുംകര ജംഗ്ഷനിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രധാന വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന ഓട് മേഞ്ഞ കെട്ടിടമാണ് മൺമറഞ്ഞത്. കാഞ്ഞങ്ങാട് ടൗണിൽ നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള കിഴക്കും കര കാഞ്ഞങ്ങാടി നൊപ്പം അറിയപ്പെടുന്ന പേര് കൂടിയാണ്. പഴയ കാല കെട്ടിടങ്ങളുടെ രൂപം ഓർമ്മപ്പെടുത്തി കഴിഞ്ഞ ദിവസം വരെ തല ഉയർത്തി നിന്ന കെട്ടിടം വികസനത്തിന് വഴിമാറി പൂർണമായും പൊളിച്ചു മാറ്റി. കെട്ടിടത്തിൽ പലചരക്ക് കട, ഹോട്ടൽ, ബാർബർ ഷോപ്പ്, രാഷ്ട്രീയ പാർട്ടികളുടെയും ക്ലബ്ബുകളുടെയും ഓഫിസ് എന്നിവയും പ്രവർത്തിച്ചിരുന്നു.കാസർകോട് ഭാഗത്തേക്കും മലയോരത്തേക്കുമുള്ള യാത്രക്കാർ ബസ് കാത്തിരുന്നതും ഈ കെട്ടിടത്തിന്റെ വരാന്തയിലായിരുന്നു.ഇവിടെ ബസുകൾക്ക് സ്റ്റോപ്പുണ്ടെങ്കിലും കാത്തിരിപ്പ് കേന്ദ്രങ്ങളില്ല. സ്ഥലപരിമിതി തന്നെയാണ് കാരണം. കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ബസിനും മറ്റു വാഹനങ്ങൾക്കുമായി കാത്തുനിൽക്കുന്നതും കെട്ടിടങ്ങളുടെ വരാന്തയിൽ തന്നെയാണ്.ഇരുനില കെട്ടിടം പൊളിച്ചു മാറ്റിയ സ്ഥലത്ത് ആധുനിക രീതിയിലുള്ള കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു കഴിഞ്ഞു.
0 Comments