കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന ക്വാണ്ടം സയൻസ് പ്രദർശനം കാണാനെത്തിയ വെള്ളിക്കോത്ത് അടോട്ട് പുതിയ പുരയിൽ സജിത കുമാരിയുടെ 37 നഷ്ടപ്പെട്ട കൈ വള തിരികെ ലഭിച്ചു. ഞായറാഴ്ച ഉച്ചക്ക് കൂട്ടുകാരി അഡ്വ. സതിയുടെ കൂടെ പ്രദർശനം കാണാനെത്തിയതായിരുന്നു സജിത. സന്ദർശനം കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയപ്പോൾ മാത്രമാണ് കൈവള നഷ്ടപ്പെട്ട കാര്യം സജിതയുടെ ശ്രദ്ധയിൽ പെടുന്നത്. സ്വർണ മുതൽ നഷ്ടപ്പെട്ടതിൽ കുടുംബം നിരാശയിൽ കഴിയുമ്പോഴാണ് സ്വർണം കളഞ്ഞു കിട്ടിയ വിവരം വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പരക്കുന്ന വിവരം സുഹൃത്തുക്കൾ വഴി അറിയുന്നത്. റെജിസ്ട്രേഷൻ കൗണ്ടറിലെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർക്കാണ് സ്വർണ വള കളഞ്ഞു കിട്ടിയത്. മീഡിയ കമ്മറ്റി കൺവീനർ കൊടക്കാട് നാരായണനാണ് സ്വർണ വള കളഞ്ഞു കിട്ടിയ വിവരം വാട്സ് ആപ്പ് ഗ്രൂപ്പു വഴി പ്രചരിപ്പിച്ചത്. നെഹ്റു കോളേജ് അസി. പ്രൊഫസർ എ. മോഹനൻ വള ഗണിത വിഭാഗം മേധാവിയും സംഘാടക സമിതി ജനറൽ കൺവീനറുമായ ഡോ. പി.വി. റീജയെ ഏൽപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് പ്രദർശന നഗരിയിൽ എത്തിയ സജിത സ്വർണ വള തൻ്റെതാണെന്ന് തിരിച്ചറിഞ്ഞു. സംഘാടക സമിതി ഓഫീസിൽ വെച്ച് ഡോ. റീജ രസതന്ത്ര വിഭാഗം മേധാവി ഡോ. എൻ.ജി. ശാലിനി, അസി. പ്രൊഫ. ദീപ്തി, അസി. പ്രൊഫ. എ. മോഹനൻ,ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ജോ. സെക്രട്ടരി പി. കുഞ്ഞിക്കണ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ കൈവള സജിതക്ക് കൈമാറി. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തക കൂടിയായ സജിത അജാനൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ റിസോർസ് പേഴ്സണാണ്.
0 Comments