കാഞ്ഞങ്ങാട് :ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മലയാളം സംസാരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപിക 30 തവണ സ്റ്റീൽ സ്കെയിൽകൊണ്ട് അടിച്ചതായി പരാതി. സംഭവത്തിൽ അധ്യാപികക്കെതിരെ രക്ഷിതാക്കൾ ജില്ലാ പൊലീസ് മേധാവിക്കും ചൈൽഡ് ലൈനിലും പരാതി നൽകി. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലാണ് സംഭവം. മലയാളം പിരിഡിൽ അധ്യാപിക ക്ലാസിൽ ഇല്ലാത്ത സമയം വിദ്യാർത്ഥി മലയാളത്തിൽ സംസാരിച്ചതായി പറഞ്ഞ് മറ്റൊരു അധ്യാപിക ക്ലാസിൽ കയറി അടിച്ചതായാണ് പരാതി. കാലിനും കൈക്കും നീര് വച്ചതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രസ്തുത അധ്യാപികയെയും പ്രധാന അധ്യാപികയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാൽ കേസ് ഉൾപ്പെടെ നടപടി സ്വീകരിച്ചില്ലെന്നാണ് പരാതി. തുടർന്നാണ് പൊലീസ് മേധാവിക്കും ചൈൽഡ് ലൈനിലും കല്ലൂരാവി സ്വദേശിയായ പിതാവ് പരാതി നൽകിയത്.
0 Comments