നീലേശ്വരത്ത് അഞ്ചുപേർക്ക് ആണ് ഷിഗല്ല സ്ഥിരീകരിച്ചത്.
ഒരാഴ്ച മുമ്പ് ചാത്തമത്ത് പ്രദേശത്ത് 27 കുട്ടികൾ ഉൾപ്പെടെ 74 പേർ വയറിളക്കത്തെ തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.
തുടർന്ന് പരിശോധനക്കയച്ച സാമ്പിളുകളിൽ ആണ് അഞ്ചെണ്ണത്തിൽ ഷിഗല്ല പോസിറ്റീവ് ആയത്
നിലവിൽ ആറ്
പേരും ആരോഗ്യ നില വീണ്ടെടുത്ത് വീടുകളിൽ വിശ്രമത്തിലാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഷിഗല്ല ബാക്ടീരിയ സ്ഥിരീകരിച്ചതിനെ തുടർന്ന് നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിൽ ഊർജ്ജിത പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. നഗരസഭയിൽ ആരോഗ്യ വകുപ്പ്, നഗരസഭാ ആരോഗ്യ വിഭാഗം, ആശാപ്രവർത്തകർ ശുചിത്വ ജീവനക്കാർ എന്നവരുടെ അടിയന്തിര ആർ.ആർ.ടി യോഗം ചേർന്ന് രോഗവ്യാപനം തടയുന്നതിനുള്ള ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും വാർഡുകളിൽ ശക്തമാക്കാൻ തീരുമാനിച്ചു. വയറിളക്കം, പനി, വയറുവേദന, രക്തം കലർന്ന മലവിസർജനം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സക്ക് ശ്രമിക്കാതെ ഉടൻ സമീപത്തെ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് അധികൃതർ അറിയിച്ചു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുകയും, ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും സോപ്പുപയോഗിച്ച് കൈകൾ നന്നായി കഴുകുക, ശുചിത്വമുള്ള ഭക്ഷണം മാത്രംകഴിക്കുക എന്നിവ രോഗപ്രതിരോധത്തിന് ഗുണകരമാണെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. പൊതുജനങ്ങൾ ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും നിർദ്ദേശങ്ങൾ പാലിച്ച് പ്രതിരോധപ്രവർത്തനങ്ങളോട് സഹകരിക്കണമെന്നും നഗരസഭ ചെയർമാൻ പി. പി. മുഹമ്മദ് റാഫി അറിയിച്ചു. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ, കൂൾ ബാറുകൾ മറ്റ് ഭക്ഷ്യ ഉൽപ്പാദന വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കർശനമായി പരിശോധന നടത്താനും തീരുമാനിച്ചു.
വൈസ് ചെയർമാൻ പി. എം. സന്ധ്യ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ.വി. സുരേന്ദ്രൻ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ , മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രമതി , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സതീശൻ., കൗൺസിലർമാരായ സുഭാഷ്., പി.വി.സുരേഷ് ബാബു , സതി, ശ്രീജ, ജില്ലാ എപിഡമോളജിസ്റ്റ് ഫ്ലോറി ജോസഫ്, ഫുഡ് ആന്റ് സേഫ്റ്റി ഓഫീസർ ലിനീഷ, നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സോനു ബി നായർ, ടെക്നിക്കൽ അസിസ്റ്റന്റ് എം. ചന്ദ്രൻ, താലൂക്ക് എച്ച്.ഐ സിജോ എം ജോസ്, നഗരസഭാ ക്ലീൻ സിറ്റി മാനേജർ കണ്ണൻ , പൊതുജനാരോഗ്യ വിഭാഗം ജെ എച്ച് ഐ-മാർ ജെ പി എച്ച് എൻ, ആശാ പ്രവർത്തകർ, നഗരസഭാ ആരോഗ്യ വിഭാഗം പി എച്ച് ഐമാർ, എം എൽ എസ്.പി മാർ പങ്കെടുത്തു.
0 Comments