കാഞ്ഞങ്ങാട് :മലപ്പുറം ജില്ല ഉൾപെടെ ജനസാന്ദ്രതയുള്ള ജില്ലകൾ വിഭജിക്കണം സമസ്ത സമ്മേളന പ്രമേയം. കേരളത്തിന്റെ വർധിച്ചുവരുന്ന ജനസംഖ്യയും ഭരണനിർവ്വഹണത്തിലെ വെല്ലുവിളികളും പരിഗണിച്ച് ജില്ലകളുടെ പുനർനിർണയം അനിവാര്യമായിരിക്കുകയാണ്. നാൽപ്പത്തഞ്ച് ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകളിൽ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും, വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും പുതിയ ജില്ലാരൂപീകരണം അത്യന്താപേക്ഷിതമാണ്. ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും അത്തരം പ്രശ്നങ്ങളുണ്ട്. 39 പാർലമെൻറ് മണ്ഡലങ്ങളുടെ പരിധിയിൽ 38 ജില്ലകൾ നിലനിൽക്കുന്ന തമിഴ്നാടിനെ കേരളത്തിന് മാതൃകയാക്കാവുന്നതാണ്. പുതിയ ജില്ലകൾ വരുന്നതോടെ സിവിൽ സ്റ്റേഷനുകളും ആശുപത്രികളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ അടുക്കുകയും പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് അത് വേഗത കൂട്ടുകയും ചെയ്യും. ആയതിനാൽ, രാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകളുടെ പുനർനിർണയം യാഥാർത്ഥ്യമാക്കാൻ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്ന് സമസ്ത നൂറാം വാർഷിക സമ്മേളനം പ്രഖ്യാപിക്കുന്നു. കെ. ഉമർ ഫൈസി മുക്കം ആണ് പ്രമേയം അവതരിപ്പിച്ചത്.
0 Comments