Ticker

6/recent/ticker-posts

ഭാര്യയെയും ഇളയമ്മമാരെയും വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും ലക്ഷം രൂപ പിഴയും

കാഞ്ഞങ്ങാട് :ഭാര്യയെയും ഇളയമ്മമാരെയും വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
ഭർത്താവിന്റെ ഉപദ്രവം മൂലം ഭാര്യ ഇളയമ്മമാരോടൊപ്പം താമസിച്ചിരുന്ന  വിരോധം വെച്ച് ഭാര്യയെയും ഇളയമ്മമാരെയും കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ബേക്കൽ പണിയാൻ തോണിക്കടവ് കായക്കുന്ന് സ്വദേശി ദാമോദരനെയാണ് ശിക്ഷിച്ചത്.
 കാസർകോട് അഡീഷണൽ ജില്ലാ  സെഷൻസ് കോടതി–III, ജഡ്ജ്
അചിന്ത്യ രാജ് ഉണ്ണി യാണ് പ്രതിയെ വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്.
ഐ.പി.സി 307 (കൊലപാതകശ്രമം) പ്രകാരം 7 വർഷം കഠിന തടവും 1 ലക്ഷം പിഴയും, ഐ.പി.സി 324 പ്രകാരം 1 വർഷം കഠിന തടവും 5,000 പിഴയും, ഐ.പി.സി 452 പ്രകാരം 3 വർഷം കഠിന തടവും 25,000 പിഴയും അടക്കമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ അധികമായി 6 മാസം തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2019 മെയ് 21ന് രാത്രി 11.30 ഓടെ 
ബേക്കൽ പണിയാൻ തോണിക്കടവ് കായക്കുന്ന് വച്ച്
 ദാമോദരൻ 
ഭാര്യ നിർമലയുമായി ഉണ്ടായ കുടുംബവിരോധത്തിൽ അക്രമം നടത്തുകയായിരുന്നു. നിർമ്മല താമസിച്ചിരുന്ന ഇളയമ്മമാരായ നാരായണി, ചെറിയോൾ എന്നിവരുടെ വീട്ടിൽ അതിക്രമിച്ച് കയറി വാക്കത്തിയും സ്റ്റീൽ കത്തിയും എടുത്ത്, ഭാര്യയെയും ഇളയമ്മമാരെയും കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. നാരായണിയുടെ കഴുത്തിനും ഇരുകൈകൾക്കും വാക്കത്തി കൊണ്ട് വെട്ടി ഗുരുതര പരിക്കേൽപ്പിക്കുകയും, തടയാൻ ശ്രമിച്ച രണ്ടാം സാക്ഷിക്ക് ഇടത് കൈ തണ്ട, വലത് കവിൾ, വലത് കൈപ്പത്തി എന്നിവിടങ്ങളിൽ വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയുമായിരുന്നു.
ബേക്കൽ പൊലീസ്  കേസ് രജിസ്റ്റർ ചെയ്തു. അന്നത്തെ ബേക്കൽ സബ് ഇൻസ്‌പെക്ടർ
ഹരി കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ആദ്യ അന്വേഷണം ഇൻസ്‌പെക്ടർ വി.വി. ലതീഷ് നടത്തി.തുടർന്ന് ഇൻസ്‌പെക്ടർ പി. നാരായണൻ അന്വേഷണം പൂർത്തിയാക്കി  കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ സതീശൻ പി., അഡ്വ. അമ്പിളി എന്നിവർ ഹാജരായി. സാക്ഷിമൊഴികളും തെളിവുകളും പരിഗണിച്ച ശേഷമാണ് കോടതി കർശന ശിക്ഷ വിധിച്ചത്.
Reactions

Post a Comment

0 Comments