കാസർകോട് : മോഷണക്കുറ്റം ആരോപിച്ച് പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ പൊലീസിനും ഭർതൃവീട്ടുകാർക്കും അയൽവീട്ടുകാർക്കുമെതിരെ മൊബൈൽ ഫോണിൽ വീഡിയോ റിക്കോർഡ് ചെയ്ത ശേഷം യുവതി ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
വാർത്തക്ക് ആധാരമായ വിഷയത്തിൽ കാസർകോട് ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാർച്ചിൽ കാസർകോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ആലംപാടി നാൽക്കടുക്കയിൽ നബീസത്ത് ജസീലയാണ് 24 ജീവനൊടുക്കിയത്. ഈ മാസം 15 ന് വിഷം കഴിച്ച ജസീല ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭർത്താവിന്റെ ബോവിക്കാനം പൊവ്വലിലെ വീടിനു സമീപത്ത് നിന്നും ഒൻപതര പവൻ സ്വർണം കാണാതെ പോയ സംഭവത്തിലാണ് ജസീലയെ പൊലീസ് ചോദ്യം ചെയ്തത്. അയൽവാസിയും ജസീലയുടെ ഭർതൃവീട്ടുകാരും ജസീലയുടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയതിന് പിന്നാലെയാണ് വിഷം കഴിച്ചതെന്നാണ് ആരോപണം. താൻ മാനസിക സംഘർഷം അനുഭവിക്കുകയാണെന്നും മോഷ്ടിച്ചിട്ടില്ലെന്നും ജസീല പറയുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ടെന്ന് പറയുന്നു.
0 Comments