Ticker

6/recent/ticker-posts

കബഡി ടൂർണമെൻ്റിലെ തർക്കം: യുവാക്കൾക്ക് നേരെ വധശ്രമം, 8 പേർ അറസ്റ്റിൽ

കാസർകോട്: മുള്ളേരിയയിൽ യുവാക്കളെ തടഞ്ഞുനിർത്തി വധിക്കാൻ ശ്രമിച്ച കേസിൽ എട്ടുപേരെ ആദൂർ പൊലീസ് അറസ്റ്റ് ചെയ്തു. 
ആദൂർ സ്വദേശികളായ താജുദീൻ 36, അബ്ദുൾ സത്താർ 38, അബ്ബാസ് ഫൈസൽ 32,മുഹമ്മദ് സുറാക്കാത്ത് 35, മുഹമ്മദ് റഫീഖ് 32,ആഷിഖ് 29, അബ്ദുൾ റഹ്മാൻ അക്സൽ 19, മുഹമ്മദ് ആസിഫ് 28 എന്നിവരാണ് അറസ്ററിലായത്.
 കാറടുക്ക ഗ്രാമത്തിലെ മുള്ളേരിയ മദീന ഹോട്ടലിന് മുൻവശത്ത്  കഴിഞ്ഞ  3ന് രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. കേസിൽ കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
കബഡി ടൂർണമെന്റിനിടെയുണ്ടായ തർക്കമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഫെബ്രുവരി 28ന് നടന്ന കബഡി മത്സരത്തിനിടെയുണ്ടായ അടിപിടി തടയാൻ ശ്രമിച്ചതിലുള്ള വിരോധമാണ് പ്രതികളെ അക്രമത്തിന് പ്രേരിപ്പിച്ചത്. പരാതിക്കാരനെയും രണ്ട് സുഹൃത്തുക്കളെയും തടഞ്ഞുനിർത്തിയ സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
ഒന്നാം പ്രതി പരാതിക്കാരനെ കത്തികൊണ്ട് കുത്താൻ ശ്രമിച്ചെങ്കിലും  ഒഴിഞ്ഞുമാറിയതിനാൽ വലിയ അപകടം ഒഴിവായി പൊലീസ് പറഞ്ഞു. മറ്റു പ്രതികൾ ഇരുമ്പ് വടികളും മരത്തടികളും ഉപയോഗിച്ച് യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. മർദ്ദനത്തിൽ യുവാക്കൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെ (BNS) വധശ്രമം, അന്യായമായി സംഘം ചേരൽ, മാരകായുധങ്ങളുപയോഗിച്ചുള്ള മർദ്ദനം തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരമാണ് ആദൂർ പൊലീസ് ക്രൈം നമ്പർ 103/2026 ആയി കേസ് രജിസ്റ്റർ ചെയ്തത്. സബ് ഇൻസ്പെക്ടർ എം.എസ്. ജോണിന്റെ നേതൃത്വത്തിൽ  രാവിലെയാണ് എട്ട് പ്രതികളെ പിടികൂടിയത്. കാസർകോട് ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഏപ്രിൽ 6 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments