കാസർകോട്: അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സങ്കീർണ്ണമായ ശ്വാസകോശ ബയോപ്സി നടപടിക്രമം വിജയകരമായി പൂർത്തിയാക്കി കാസർകോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ. ജില്ലയിൽ ആദ്യമായാണ് Cone Beam CT (CBCT) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബ്രോങ്കോസ്കോപ്പിക് ലങ് ബയോപ്സി സംഘടിപ്പിക്കുന്നത്. ആസ്റ്റർ മിംസിലെ പൾമണോളജി സ്പെഷ്യലിസ്റ്റ് ഡോ. ശ്രാവൺ കുമാർ, പൾമണോളജി വിഭാഗം ലീഡ് കൺസൾട്ടന്റ് ഡോ. വിഷ്ണു ജി കൃഷ്ണൻ, എന്നിവർ ബയോപ്സി നടപടികൾക്ക് നേതൃത്വം നൽകി. അനസ്തീഷ്യ വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. ഋത്വിക് എസ് നമ്പീശൻ രോഗിക്ക് ആവശ്യമായ വിദഗ്ധ പരിചരണം ഉറപ്പാക്കി. ഇവർക്കൊപ്പം എൻഡോസ്കോപ്പി, കാത്ത് ലാബ് വിഭാഗങ്ങളിലെ വിദഗ്ധരായ ടെക്നീഷ്യൻമാരും ഈ നേട്ടത്തിൽ പങ്കാളികളായി.
രണ്ട് മാസം മുമ്പ് ബൈപാസ് സർജറിക്ക് (CABG) വിധേയയായ 68 വയസ്സുകാരിയിലാണ് ഈ അപൂർവ്വ ശസ്ത്രക്രിയ നടത്തിയത്. ശ്വാസത്തിലൂടെ രക്തം പോകുന്ന (Hemoptysis) ഗുരുതരമായ ലക്ഷണങ്ങളുമായാണ് ഇവർ ആശുപത്രിയിൽ എത്തിയത്. തുടർന്ന് നടത്തിയ സിടി സ്കാനിംഗിൽ ശ്വാസകോശത്തിന്റെ മുകൾ ഭാഗത്ത് (Apical Segment of Right Upper Lobe) ഒരു മുഴ കണ്ടെത്തുകയായിരുന്നു.
ഹൃദ്രോഗ സംബന്ധമായ മരുന്നുകൾ (Antiplatelet therapy) കഴിക്കുന്ന രോഗിയായതിനാൽ അതീവ ജാഗ്രതയോടെയാണ് ചികിത്സാ നടപടികൾ സ്വീകരിച്ചത്. കാർഡിയോളജി വിഭാഗത്തിന്റെ അനുമതിയോടെ മരുന്നുകൾ താൽക്കാലികമായി ക്രമീകരിച്ച ശേഷം, കാത്ത് ലാബിൽ വെച്ച് ജനറൽ അനസ്തീഷ്യ നൽകിയാണ് ബയോപ്സി നടത്തിയത്.
സാധാരണ ബ്രോങ്കോസ്കോപ്പി വഴി എത്താൻ പ്രയാസമുള്ള ശ്വാസകോശത്തിന്റെ ഉൾഭാഗങ്ങളിലെ മുഴകളിൽ നിന്ന് കൃത്യമായ സാമ്പിൾ ശേഖരിക്കാൻ Cone Beam CT ഗൈഡൻസ് സഹായിച്ചു. തത്സമയ ത്രീഡി ദൃശ്യങ്ങൾ ലഭ്യമാകുന്ന ഈ സാങ്കേതികവിദ്യ വഴി അതീവ കൃത്യതയോടെയും സുരക്ഷിതമായും ബയോപ്സി പൂർത്തിയാക്കാൻ ഡോക്ടർമാർക്ക് സാധിച്ചു.
0 Comments