Ticker

6/recent/ticker-posts

എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.കെ.കെ.മാണിയൂർ നിര്യാതനായി

നീലേശ്വരം: സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.കെ മാണിയൂര്‍ (സി.കെ കമാലുദ്ദീന്‍-76) നിര്യാതനായി. ന്യൂമോണിയ ബാധിച്ച് കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു
അന്ത്യം. കണ്ണൂര്‍ ജില്ലയിലെ മണിയൂരില്‍ ജനിച്ച അദ്ദേഹം വര്‍ഷങ്ങളായി നീലേശ്വരം തൈക്കടപ്പുറത്താണ് താമസം. നിലവില്‍ മാണിയൂര്‍ പാറാല്‍ ശംസുല്‍ ഉലമ മെമ്മോറിയല്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളേജ് പ്രസിഡന്റും മാണിയൂര്‍ പാറാല്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമാണ്.
സുന്നിയുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്നു. ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരുടെ ഒന്നര പതിറ്റാണ്ടുകാലത്തെ സഹവര്‍ത്തിത്വവും സേവനവും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ജീവിതത്തിന് ആത്മീയ ദിശാബോധം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ മാണിയൂര്‍ പാറാല്‍ പള്ളിയുടെയും മഹല്ല് സംവിധാനങ്ങളുടെയും വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മത, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ ദീര്‍ഘകാലമായി സജീവ സാന്നിധ്യമായി പ്രവര്‍ത്തിച്ച സംഘാടകനാണ് സി.കെ.കെ മാണിയൂര്‍.
പാറാല്‍ മഹല്ലിലെ ആഭ്യന്തര സംവിധാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കൂളാട്ട് മാമു മുസ്‌ലിയാരാണ് പിതാവ്. പാലത്തുങ്കര റമളാന്‍ ശൈഖ് തങ്ങള്‍ കുടുംബത്തിലെ സി.കെ സൈതബയാണ് മാതാവ്.
സുന്നി മഹല്ല് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി, കാസര്‍കോട് ജില്ലാ സുന്നി മഹല്ല് ഫെഡറേഷന്‍ പ്രഥമ കമ്മിറ്റിയുടെ കണ്‍വീനര്‍, എസ്.വൈ.എസ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
പയ്യന്നൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മഹല്ലിമീന്‍ പ്രഥമ ജനറല്‍ സെക്രട്ടറി, കുഞ്ഞിമംഗലം  തഹ്ദീബുല്‍ ഉലും ഹയര്‍സെക്കന്‍ഡറി മദ്രസ പ്രധാനഅധ്യാപകന്‍, കാസര്‍കോട് ശ്രീബാഗില്‍ മുഹ് യുദീന്‍ ജുമാമസ്ജിദ് ഖത്തീബ് എന്നീ സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം കുട്ട്യാട്ടൂര്‍ പഞ്ചായത്ത് ബോര്‍ഡ് മെമ്പറായിരുന്നു. യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന പ്രവര്‍ത്തക സമിതിയംഗമായും നീലേശ്വരം മണ്ഡല മുസ്‌ലിം ലീഗ് പ്രസിഡന്റായും കാസര്‍കോട് ജില്ലാ മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതിയംഗമായും പ്രവര്‍ത്തിച്ചു. 'ചന്ദ്രിക' പത്രത്തിന്റെ നീലേശ്വരം ലേഖകനായും നീലേശ്വരം പ്രസ്സ് ഫോറത്തിന്റെ സ്ഥാപക പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നീലേശ്വരം മര്‍കസുദ്ദവത്തില്‍ ഇസ്ലാമിയ്യയുടെ സ്ഥാപക നേതാവുമാണ്.
ഭാര്യ: ഇ.കെ ശരീഫ. മക്കൾ: സിദ്ദീഖ് (ഖത്തർ), ഫസീല, ഫാത്തിമത്ത് സൗദാബി, ഫാറൂഖ് (ദുബൈ), റൈഹാനത്ത്, റൗളത്ത്, ഹൈദരലി ബാദുഷ (എറണാകുളം).
മരുമക്കൾ: അബ്ദുസലാം (ഖത്തർ), ഖലീൽ റഹ്മാൻ ഖാഷിഫി (ചീഫ് ഖത്തീബ്, പുതിയങ്ങാടി മുസ് ലിം ജമാഅത്ത്, എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ മുൻ ജനറൽ സെക്രട്ടറി), റസ്മിയ, മുനവിറ (ഇരുവരും തൈകടപ്പുറം), സഈദ് (അധ്യാപകൻ, തൃക്കരിപ്പൂർ തങ്കയം യു.പി സ്കൂൾ), അബ്ദുൽ ഷുക്കൂർ ( യു.എ.ഇ), പരേതയായ ഫൗസിയ.
സഹോദരങ്ങൾ: ഖദീസ, അഹമ്മദ്, ബീവി, അബൂബക്കർ, റുഖിയ, അബ്ദുൽ ഖാദർ ദാരിമി (കേരള മുസ് ലിം ജമാഅത്ത് മുൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ്), പരേതരായ കുഞ്ഞാമിന, മൊയ്തു മൗലവി.
മയ്യിത്ത് നിസ്കാരം ഇന്ന് (തിങ്കൾ) വൈകിട്ട് 3.30ന് തളങ്കര മാലിക് ദീനാർ മസ്ജിദിൽ . നാലിന് തൈക്കടപ്പുറത്തെ വീട്ടിൽ എത്തിക്കും.
രാത്രി ഏഴിന്  തൈക്കടപ്പുറം ജുമാമസ്ജിദിൽ മയ്യിത്ത് നിസ്കാരം നടക്കും. രാത്രി 9.30ന് മാണിയൂർ പാറാൽ ബു സ്താനുൽ ഉലൂം അറബിക് കോളേജിൽ പൊതുദർശനം. തുടർന്ന് രാത്രി 10ന് മാണിയൂർ പാറാൽ ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്കാരത്തിന് ശേഷം ഖബറടക്കം നടക്കും.
Reactions

Post a Comment

0 Comments