കാഞ്ഞങ്ങാട്:കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി കാസര്‍കോട് ജില്ലയില്‍ ജില്ലാ കലക്ടറും ജില്ലാ മജിസ്ട്രേറ്റുമായ അര്‍ജുന്‍ പാണ്ഡ്യന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163-ാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഈ ഉത്തരവ് ഏപ്രില്‍ ഏഴിന് വൈകുന്നേരം ആറ് മുതല്‍ ഏപ്രില്‍ 10ന് രാവിലെ ആറ് വരെ നിലവിലുണ്ടാകും. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വോട്ടെടുപ്പ് വേളയില്‍ ക്രമസമാധാന നില നിലനിര്‍ത്തുന്നതിനുമായാണ് ഈ കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്.
ഈ കാലയളവില്‍ ജില്ലയില്‍ നിയമവിരുദ്ധമായ സംഘം ചേരലുകള്‍ക്കോ പൊതുയോഗങ്ങള്‍ക്കോ പ്രകടനങ്ങള്‍ക്കോ അനുമതിയുണ്ടായിരിക്കില്ല. മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരോ പ്രചാരകരോ വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്‍പുള്ള 48 മണിക്കൂറിനുള്ളില്‍ മണ്ഡലത്തില്‍ തുടരാന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കൂടാതെ ഏത് തരത്തിലുള്ള ലൗഡ്സ്പീക്കറുകള്‍ ഉപയോഗിക്കുന്നതിനും കര്‍ശനമായ നിരോധനമുണ്ട്. പോളിംഗ് സ്റ്റേഷനുകള്‍ക്കുള്ളില്‍ നിരീക്ഷകര്‍ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഒഴികെ മറ്റാര്‍ക്കും മൊബൈല്‍ ഫോണുകളോ വയര്‍ലെസ് സെറ്റുകളോ ഉപയോഗിക്കാന്‍ അനുവാദമില്ല.
പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ ചുറ്റളവില്‍ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ബൂത്തുകള്‍ സ്ഥാപിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഉത്തരവ് പൊതുജനങ്ങളുടെ സാധാരണ ജീവിതത്തെയോ ജോലിയെയോ ബാധിക്കില്ല. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍, മറ്റ് സ്വകാര്യ ആഘോഷങ്ങള്‍ എന്നിവയ്ക്കും വോട്ട് രേഖപ്പെടുത്താന്‍ പോകുന്നതിനും നിയന്ത്രണങ്ങള്‍ ബാധകമല്ല. വോട്ടെടുപ്പിന് മുന്‍പുള്ള 48 മണിക്കൂറില്‍ വീടുകള്‍ കയറിയുള്ള പ്രചാരണങ്ങള്‍ക്കും തടസ്സമുണ്ടാകില്ല. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 206 പ്രകാരം കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ഏപ്രില്‍ ഒന്‍പതിനാണ് ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്.
നിയമസഭ തിരഞ്ഞെടുപ്പ് 2026: അവസാന 48 മണിക്കൂറില്‍ കര്‍ശന നിയന്ത്രണം
എക്‌സിറ്റ് പോളുകള്‍ക്ക് വിലക്ക്
കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്‍പുള്ള അവസാന 48 മണിക്കൂറില്‍ (Silence Period) ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കി. നിശ്ചിത സമയ പരിധിയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാതൊരുവിധ പ്രചാരണങ്ങളോ സര്‍വേ ഫലങ്ങളോ പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളതല്ലെന്ന് എം.സി.സി നോഡല്‍ ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ കെ.വി ശ്രുതി അറിയിച്ചു.
1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126അ പ്രകാരം, വോട്ടെടുപ്പ് ആരംഭിച്ച് എല്ലാ സ്ഥലങ്ങളിലും പോളിംഗ് അവസാനിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് വരെ എക്‌സിറ്റ് പോളുകള്‍ നടത്തുന്നതോ അതിന്റെ ഫലങ്ങള്‍ അച്ചടി-ദൃശ്യ-സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതോ ശിക്ഷാര്‍ഹമായ കുറ്റമാണ്. പോളിംഗ് അവസാനിക്കുന്നതിന് മുന്‍പുള്ള 48 മണിക്കൂര്‍ കാലയളവില്‍ ടെലിവിഷന്‍, സിനിമ, അല്ലെങ്കില്‍ മറ്റ് സമാന ഉപകരണങ്ങള്‍ വഴി തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. അഭിപ്രായ സര്‍വേകളോ (Opinion Polls) മറ്റ് പോള്‍ സര്‍വേ ഫലങ്ങളോ ഈ സമയപരിധിയില്‍ മാധ്യമങ്ങളില്‍ വരുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. തെരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യവും നിഷ്പക്ഷവുമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണങ്ങള്‍.
0 Comments