കാഞ്ഞങ്ങാട് : പുല്ലൂർപെരളത്ത് വയൽ അരയാൽ കീഴിൽ ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം പുനപ്രതിഷ്ഠ ബ്രഹ്മ കലശ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ആചാര്യ വരവേൽപ്പും സാംസ്കാരിക സദസ് കലാപരിപാടികളും നടന്നു. ദേവസ്ഥാനത്ത് മുനീർ ഹുദവി വിളയിൽ മലപ്പുറം നടത്തിയ
പ്രഭാഷണം ശ്രദ്ധേയമായി.
വൈകിട്ട് അഞ്ചുമണിക്ക് മുത്തു കുടകളുടെയും ചെണ്ടമേളത്തിന്റെയും പൂർണ കുംഭത്തിന്റെയും അകമ്പടിയോടെ തന്ത്രി ശ്രീധരൻ വാരിക്കാട്ട് തായർക്ക് ആചാര്യ വരവേൽപ്പ് നൽകി. തുടർന്ന് വിവിധ പൂജകൾ നൽകി . രാത്രി നടന്ന സാംസ്കാരിക സദസിലാണ് പ്രഭാഷകൻ മുനീർ ഹുദവി വിളയിൽ മലപ്പുറം സാംസ്കാരിക പ്രഭാഷണം നടത്തിയത്. ജീവിത കാലയളവിൽ ആർക്കെങ്കിലും തണലാകാൻ കഴിഞ്ഞെങ്കിൽ മാത്രമെ ജീവിതംകൊണ്ട് അർത്ഥമുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പഴയ തലമുറ ഉണ്ടാക്കിവെച്ച കാർഷിക സംസ്കൃതിയുടെ ഉൽപ്പന്നങ്ങളാണ് പുതു തലമുറ ഇന്ന് അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിലും ലഹരിയിലും അഭയം കണ്ടെത്താതെ പഴയ സാംസ്കാരിക മൂല്യത്തെ കാത്ത് സൂക്ഷിക്കാൻ പുതു തലമുറ തയ്യാറാകണമെന്നും മുനീർ ഹുദവി പറഞ്ഞു. സാംസ്കാരിക പ്രഭാഷണം ശ്രവിക്കാൻ ആചാര സ്ഥാനികരും പള്ളിക്കമ്മിറ്റി ഭാരവാഹികളും സദസിന്റെ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. ആഘോഷ കമ്മിറ്റി ചെയർമാൻ പി.പി. ജനാർദ്ദനൻ നായർ അധ്യക്ഷത വഹിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. കെ. സബിത,അജാനൂ ർ പഞ്ചായത്ത് പ്രസിഡന്റ് വി. വി. തുളസി, ഷീബ, സജിത, കുട്ട്യൻ കുന്നുമ്മൽ, ടി. ഹരീഷ് ഗൾഫ് കമ്മിറ്റി പ്രതിനിധി ബിജു വടക്കിനിയിൽ ആശംസകൾ നേർന്നു. പി. മോഹൻദാസ് സ്വാഗതവും പി. ബാലഗോപാലൻ നന്ദി പറഞ്ഞു.പ്രഭാഷണാനന്തരം പ്രഭാഷകൻ മുനീർ ഹുദവി വിളയിൽ മലപ്പുറത്തെ അഭിനന്ദിക്കാനും ആചാര സ്ഥാനികരും ശ്രോതാക്കളും മറന്നില്ല. മുനീർ ഹുദവിയെയും ആഘോഷ കമ്മിറ്റി ചെയർമാൻ പി.പി. ജനാദനൻ നായരെയും അനുമോദിക്കുന്ന ചടങ്ങും നടന്നു.
0 Comments