Ticker

6/recent/ticker-posts

വോട്ടെണ്ണൽ രാവിലെ 8 മണി മുതൽ, ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ, നിർദ്ദേശങ്ങൾ പാലിക്കണമെന്ന് പൊലീസ്

കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ് 4-ന് നടക്കാനിരിക്കെ, കാസർകോട് ജില്ലയിൽ വോട്ടെണ്ണൽ നടപടിക്രമങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാകലക്ടർ  അർജുൻ പാണ്ഡ്യൻ അറിയിച്ചു. മെയ് 4-ന് രാവിലെ എട്ടു മണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കും.മഞ്ചേശ്വരം  കാസർഗോഡ് ഉദുമ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കാസർകോട് ഗവൺമെൻറ് കോളേജിലെ കേന്ദ്രങ്ങളിലും കാഞ്ഞങ്ങാട് തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂൾ കേന്ദ്രങ്ങളിലും നടക്കും.
വോട്ടെണ്ണൽ സംവിധാനങ്ങൾ
 ഉദ്യോഗസ്ഥ വിന്യാസം: 540 ഉദ്യോഗസ്ഥരെയാണ് ജില്ലയിൽ വോട്ടെണ്ണൽ പ്രക്രിയക്കായി നിയോഗിച്ചിട്ടുള്ളത്. ഇതിൽ ആർ.ഒ-മാർ, അഡീഷണൽ എ.ആർ.ഒ-മാർ, സൂക്ഷ്മനീരീക്ഷകർ (മൈക്രോ ഒബ്സർവർ), കൗണ്ടിംഗ് സൂപ്പർവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റന്റ്മാർ എന്നിവർ ഉൾപ്പെടുന്നു.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഇ.വി.എമ്മിലെ വോട്ടുകൾ എണ്ണുന്നതിനായി പരമാവധി 14 കൗണ്ടിംഗ് മേശകൾ വീതം സജ്ജീകരിക്കും. ഒരു റൗണ്ടിൽ പരമാവധി 14 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. പരമാവധി 17 ണ്ടുകളിലായാണ് വോട്ടെണ്ണുക
 പോസ്റ്റൽ ബാലറ്റുകൾ  ആദ്യം എണ്ണിത്തുടങ്ങുന്നത് പോസ്റ്റൽ ബാലറ്റുകളായിരിക്കും. 500 ബാലറ്റുകൾക്ക് ഒരു മേശ എന്ന ക്രമത്തിൽ പ്രത്യേക കൗണ്ടിംഗ് ടേബിളുകളും ഇതിനായി എ.ആർ.ഒ-മാരെയും നിയോഗിച്ചിട്ടുണ്ട്.
പരിശോധന: കൃത്യത ഉറപ്പുവരുത്തുന്നതിനായി ഓരോ മണ്ഡലത്തിലെയും 5 ബൂത്തുകളിലെ വിവിപാറ്റ് (VVPAT) സ്ലിപ്പുകൾ നിർബന്ധമായും എണ്ണുന്നതാണ്.
സ്ട്രോങ്ങ് റൂമുകൾ തുറക്കൽ
സ്ഥാനാർത്ഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ, ഇ.സി.ഐ ഒബ്‌സർവറുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സാക്ഷ്യപത്രത്തോടെ വീഡിയോ റെക്കോർഡിംഗോട് കൂടിയായിരിക്കും പോളിംഗ് സാമഗ്രികൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമുകൾ തുറക്കുക. വോട്ടെണ്ണൽ വേളയിൽ കൺട്രോൾ യൂണിറ്റിനൊപ്പം ഫോം 17 സി കൂടി മേശപ്പുറത്ത് വെക്കുന്നതാണ്.

രാഷ്ട്രീയ പാർട്ടികൾക്കും ഏജന്റുമാർക്കുമുള്ള നിർദ്ദേശങ്ങൾ

 ഹാജരാകേണ്ട സമയം: വോട്ടെണ്ണൽ നിശ്ചയിച്ചിട്ടുള്ള സമയത്തിന് ഒരു മണിക്കൂർ മുമ്പെങ്കിലും നിയമന ഉത്തരവിന്റെ (ഫോം 18) പകർപ്പ് റിട്ടേണിംഗ് ഓഫീസർക്ക് (RO) സമർപ്പിക്കണം.

 തിരിച്ചറിയൽ കാർഡ്: 

വോട്ടെണ്ണൽ ഹാളിൽ ഏജന്റുമാരും സ്ഥാനാർത്ഥികളും ഔദ്യോഗിക തിരിച്ചറിയൽ കാർഡ് വ്യക്തമായി പ്രദർശിപ്പിക്കണം.

നിയന്ത്രണങ്ങൾ:

ഇ.വി.എമ്മുകളോ മറ്റ് തെരഞ്ഞെടുപ്പ് രേഖകളോ കൈകാര്യം ചെയ്യാൻ ഏജന്റുമാർക്ക് അനുവാദമില്ല. 

മൊബൈൽ ഫോൺ നിയന്ത്രണം

വോട്ടെണ്ണൽ ഹാളിനുള്ളിൽ ഇ.സി.ഐ ഒബ്‌സർവർക്കും, ഒ.ടി.പി സ്വീകരിക്കുന്നതിനായി റിട്ടേണിംഗ് ഓഫീസർക്കും മാത്രമേ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമുള്ളൂ. മറ്റുള്ളവർ ഫോണുകൾ വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്തെ ഡെപ്പോസിറ്റ് യൂണിറ്റുകളിൽ നിക്ഷേപിക്കേണ്ടതാണ്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളുന്ന ഇൻഡക്സ് കാർഡുകൾ 48 മണിക്കൂറിനുള്ളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

വോട്ടെണ്ണൽ ഉദ്യോഗസ്ഥർ

 സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട് വോട്ടെണ്ണൽ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ നിരീക്ഷകരുടെ സാന്നിധ്യത്തിൽ നടന്നു

 എല്ലാ നിയോജകമണ്ഡലങ്ങളിലും  ഇ വി എം ടേബിളുകളിലേക്ക് 20 വീതം കൗണ്ടിംഗ് സൂപ്പർവൈസർമാരും  20 വീതം കൗണ്ടിംഗ് അസിസ്റ്റന്റ് കളും 20 വീതം മൈക്രോ ഒബ്സർവർ മാരും ഉണ്ട്. പോസ്റ്റൽ ബാലറ്റ് ടേബിൾ ചുമതല കൂടി പരിഗണിച്ചാൽ ജില്ലയിൽ ആകെ 540 ഉദ്യോഗസ്ഥർക്ക് വോട്ടെണ്ണൽ ചുമതല നൽകിയിട്ടുണ്ട്.കൗണ്ടിംഗ് സൂപ്പർവൈസർമാർ എല്ലാം ഗസറ്റഡ് റാങ്കിലുള്ളവരാണ്.  പോസ്റ്റൽ ബാലറ്റ് ടേബിളിന്റെ ചുമതല ഉള്ള കൗണ്ടിംഗ് അസിസ്റ്റന്റ്കളും ഗസറ്റഡ് റാങ്കിലുള്ളവരാണ്.മൈക്രോബ്സർവർമാർ കേന്ദ്ര സർക്കാർ ജീവനക്കാർ ആയിരിക്കും 

40 ശതമാനം റിസർവോടെയാണ്
ഉദ്യോഗസ്ഥരെ വോട്ടെണ്ണൽ ചുമതലകൾക്കായി വിന്യസിച്ചിരിക്കുന്നത്.
 
എല്ലാ നിയോജക മണ്ഡലങ്ങളിലും 14 വീതം ഇവിഎം ടേബിളുകൾ ഉണ്ടായിരിക്കും. 

ആദ്യം തപാൽ വോട്ടുകൾ എണ്ണും

വരണാധികാരികളുടെ സാന്നിധ്യത്തിൽ സ്ട്രോങ്ങ് റൂമുകൾ തുറക്കുന്നതോടെ വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമാകും. ആദ്യം തപാൽ വോട്ടുകളാണ് പുറത്തെടുക്കുക. രാവിലെ ഏഴ് മണിക്ക് തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങുകയും എട്ട് മണിയോടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ ആരംഭിക്കുകയും ചെയ്യും. 

ജില്ലയിലാകെ 5,525 പോസ്റ്റൽ വോട്ടുകളും 577 ETPBS വോട്ടുകളുമാണ് ലഭിച്ചിട്ടുള്ളത്. കൂടാതെ ഹോം വോട്ടിംഗ് വഴി 6,679 പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണുന്നതിനായി 14 മേശകൾ വീതമാണ് തയ്യാറാക്കിയിരിക്കുന്നത്. തപാൽ വോട്ടുകൾക്കും ETPBS വോട്ടുകൾക്കുമായി ഓരോ മണ്ഡലത്തിലും പ്രത്യേക മേശകൾ ക്രമീകരിച്ചിട്ടുണ്ട്. 

 എല്ലാ മണ്ഡലങ്ങളിലും ETPBS വോട്ടുകൾ എണ്ണാൻ ഓരോ മേശകൾ വീതം അധികമായി ഉണ്ടാകും.

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൗണ്ടിംഗ് സൂപ്പർവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്‌സർവർമാർ എന്നിവർ നടപടികൾക്ക് മേൽനോട്ടം വഹിക്കും. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും മാധ്യമപ്രവർത്തകർക്കായി പ്രത്യേക മീഡിയ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. നിയന്ത്രിത പാസുകളുള്ള കൗണ്ടിംഗ് ഏജന്റുമാരെ മാത്രമേ വോട്ടെണ്ണൽ ഹാളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.

ഓരോ കൗണ്ടിംഗ് ടേബിളിലും കൗണ്ടിംഗ് സൂപ്പർവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്‌സർവർമാർ എന്നിവർ നടപടികൾക്ക് മേൽനോട്ടം വഹിക്കും.

വോട്ടെണ്ണലും തുടർന്നു നടക്കുന്ന ആഹ്ലാദ പ്രകടനവും സമാധാനപരമാണെന്ന് ഉറപ്പുവരുത്താൻ എല്ലാവരുടെയും സഹകരണം ജില്ലാ കക്ടർ ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡിയും അഭ്യർത്ഥിച്ചു.

 നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനവുമായി ബന്ധപ്പെട്ട് പൊതുശാന്തിയും സമാധാനവും ക്രമവും നിലനിർത്തുന്നതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തകരും പൊതുജനങ്ങളും താഴെപ്പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്:
 പാർട്ടി പ്രവർത്തകർ പ്രകടനങ്ങളിൽ പങ്കെടുക്കുന്നത് അവരുടെ നേതാക്കളുടെ കർശന നിയന്ത്രണത്തിൽ മാത്രമായിരിക്കണം. പ്രകടനത്തിന്റെ ആരംഭസ്ഥലം, അവസാനസ്ഥലം, സമയം, മാർഗം എന്നിവ മുൻകൂട്ടി പൊലീസ് അധികാരികളുമായി ആലോചിച്ച് നിശ്ചയിക്കുകയും അതു കൃത്യമായി പാലിക്കുകയും വേണം.
 വോട്ടെണ്ണൽ ദിവസമായ ദിവസം വൈകിട്ട് 7 മണിക്ക് ശേഷം യാതൊരു തരത്തിലുള്ള പ്രകടനങ്ങളോ വിജയാഘോഷങ്ങളോ അനുവദനീയമല്ല. സമയപരിധി കർശനമായി പാലിക്കണം.
പൊതുസ്ഥലങ്ങളിലും റോഡുകളിലും അല്ലെങ്കിൽ മറ്റ് പാർട്ടികളുടെ പ്രവർത്തകരുടെ വീടുകളുടെ സമീപത്തും പടക്കം ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
 മദ്യപിച്ചോ മറ്റ് ലഹരിവസ്തുക്കളുടെ സ്വാധീനത്തിലോ ഉള്ള പ്രവർത്തകരുടെ പങ്കാളിത്തം നേതാക്കൾ കർശനമായി തടയേണ്ടതാണ്.
ബൈക്ക് റാലികൾ അനുവദനീയമല്ല. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ കണ്ടെത്തുകയാണെങ്കിൽ അവ പിടിച്ചെടുക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.
 മുൻകൂർ അനുമതി ഇല്ലാതെ DJ സംവിധാനങ്ങളോ ഉച്ചഭാഷിണികളോ ഉപയോഗിക്കാൻ പാടില്ല.
ഉച്ചഭാഷിണികളുടെ ശബ്ദം അനുവദിച്ചിരിക്കുന്ന പരിധി കവിയാൻ പാടില്ല.
 തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർഥികളുടെ ശേഷിക്കുന്ന എല്ലാ ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും ഉടൻ നീക്കം ചെയ്യണം.
മറ്റുപാർട്ടികളുടെ പ്രകടനങ്ങളിൽ പ്രവേശിക്കുന്നത് യാതൊരു കാരണവശാലും അനുവദനീയമല്ല.
നിയമലംഘനം കണ്ടെത്തുന്ന പക്ഷം കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി
ജില്ലാ പൊ മേധാവി പറഞ്ഞു.
Reactions

Post a Comment

0 Comments