കാഞ്ഞങ്ങാട്: കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് എത്തിക്കുന്ന അന്തർസംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണി കുമ്പള പൊലീസിന്റെ പിടിയിലായി. കോഴിക്കോട് തിരുവമ്പാടി സ്വദേശി ഗോഡ്വിൻ 33 ആണ് പിടിയിലായത്.
കർണാടകയിലെ മടിക്കേരിയിൽ വെച്ച് അതിസാഹസികമായി പിടികൂടുകയായിരുന്നു. മൈസൂരിലെ ഒളിത്താവളം വളഞ്ഞ പൊലീസിനെ വെട്ടിച്ച്, അപ്പാർട്ട്മെന്റിന്റെ ഗേറ്റ് വാഹനമിടിച്ച് തകർത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മണിക്കൂറുകൾ നീണ്ട ചേസിംഗിനൊടുവിലാണ് അന്വേഷണസംഘം കുടുക്കിയത്.
കഴിഞ്ഞ ഫെബ്രുവരി ഒന്നിന് വൈകുന്നേരം 3.35-ന് മംഗൽപ്പാടി ഗ്രാമത്തിലെ സോങ്കാലിൽ വെച്ചാണ് കേസിനാസ്പദമായ ആദ്യ അറസ്റ്റ് നടക്കുന്നത്. KL 14 AF 2585 നമ്പർ സ്വിഫ്റ്റ് കാറിൽ വിൽപ്പനയ്ക്കായി കടത്തുകയായിരുന്ന 53.980 ഗ്രാം എം.ഡി.എം.എ കുമ്പള എസ്.ഐ അനന്തകൃഷ്ണനും സംഘവും ചേർന്ന് പിടികൂടുകയായിരുന്നു. വാഹനം സഹിതം ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് കുമ്പള രണ്ടാം പ്രതിക്കായി
അന്വേഷണത്തിലായിരുന്നു.
അറസ്റ്റിലായ ഒന്നാം പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് മയക്കുമരുന്ന് കൈമാറിയത് രണ്ടാം പ്രതിയായ ഗോഡ്വിൻ ആണെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ വിദഗ്ധവും ശാസ്ത്രീയവുമായ അന്വേഷണത്തിൽ ഭാര്യയുമൊത്ത് മൈസൂരിലെ ഉളിക്കര സുവാരി ഗാർഡനിലുള്ള അപ്പാർട്ട്മെന്റിൽ ഒളിച്ചു താമസിക്കുന്നതായി കണ്ടെത്തി.
മൈസൂർ പൊലീസിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണസംഘം അപ്പാർട്ട്മെന്റിൽ എത്തിയെങ്കിലും, പൊലീസിനെ കണ്ടയുടൻ സ്വന്തം വാഹനത്തിൽ അപ്പാർട്ട്മെന്റിന്റെ ഗേറ്റ് തകർത്ത് പുറത്തേക്ക് കുതിക്കുകയായിരുന്നു.
നിർണായകമായത് ഉന്നത ഉദ്യോഗസ്ഥരുടെ ദ്രുതഗതിയിലുള്ള ഇടപെടൽ ആണ്.
പ്രതി അപ്പാർട്ട്മെന്റ് ഗേറ്റ് തകർത്ത് അതിവേഗം രക്ഷപ്പെട്ടയുടൻ തന്നെ കുമ്പള ഇൻസ്പെക്ടർ വിവരം കാസർകോട് ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചു. സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കിയ ജില്ലാ പൊലീസ് മേധാവി ഒട്ടും സമയം കളയാതെ അർധരാത്രിയിൽ തന്നെ കർണാടകയിലെ മാണ്ഡ്യ, മൈസൂർ, കൊടക് ജില്ലാ പൊലീസ് മേധാവിമാരെ നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുകയും പ്രതിയെ പിടികൂടാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തു.
കുമ്പള പൊലീസും മാണ്ഡ്യ, മൈസൂർ, കൊടക് ജില്ലാ പൊലീസിന്റെയും സംയുക്തമായ തിരച്ചിലിനൊടുവിൽ മടിക്കേരിയിൽ വെച്ച് പ്രതിയെ വാഹനം സഹിതം സംഘം സാഹസികമായി വളഞ്ഞുപിടിക്കുകയായിരുന്നു. കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന സംഘത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണ് ഇതോടെ പിടിയിലായത്.
ജില്ലാ പൊലീസ് മേധാവി ബി. വി. വിജയ ഭരത് റെഡ്ഡിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ എ.എസ്.പി അച്യുത് അശോക് , കുമ്പള എസ്.എച്ച്.ഒ ബൈജു കെ. ജോസ്, എസ്.ഐ അനന്തകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ കിഷോർ, ഡ്രൈവർ സി.പി.ഒ ജാബിർ എന്നിവരടങ്ങിയ സംഘമാണ് കർണാടകയിലെത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ കാസർകോട് എത്തിച്ച് കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
0 Comments