Ticker

6/recent/ticker-posts

58 കാരൻ്റെ ഉദരത്തിൽ നിന്ന് 7.9 കിലോ ഭാരമുള്ള മുഴ കാസർകോട് ആസ്റ്റർ മിംസിലെ സർജിക്കൽ ടീം നീക്കം ചെയ്തു

കാസർകോട്: 58 വയസുള്ള കാസർകോട് സ്വദേശിയുടെ ഉദരത്തിൽ വളർന്ന 7.9 കിലോഗ്രാം ഭാരമുള്ള മുഴ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ കാസർകോട് ആസ്റ്റർ മിംസിലെ വിദഗ്ധ മെഡിക്കൽ സംഘം വിജയകരമായി നീക്കം ചെയ്തു. ആശുപത്രിയിലെ പ്രമുഖ സർജൻ ഡോ. അരവിന്ദ്. എൻ നേതൃത്വം നൽകിയ ശസ്ത്രക്രിയ സംഘത്തിന്റെ സമയോചിതമായ ഇടപെടലാണ് രോഗിക്ക് പുതുജീവൻ നൽകിയത്. ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെപ്പോലും തടസ്സപ്പെടുത്തുന്ന രീതിയിൽ വളർന്ന മുഴയാണ് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
നിന്തരമായ ഉദരവേദനയെത്തുടർന്ന് രോഗിയെ ആദ്യം മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് പ്രധാന രക്തക്കുഴലുകളോടും അവയവങ്ങളോടും ചേർന്ന് വളർന്നുകൊണ്ടിരുന്ന മുഴ കണ്ടെത്തിയത്. അതിനെതുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി രോഗിയെ കാസർകോട് ആസ്റ്റർ മിംസിൽ പ്രവേശിപ്പിച്ചത്. 
മുഴയുടെ അസാധാരണമായ വലിപ്പവും ഉദരത്തിൽ കിടന്ന രീതിയും രോഗിയുടെ ആമാശയം കുടൽ എന്നിവയെ ഗുരുതരമായി സമ്മർദ്ദത്തിലാക്കിയിരുന്നു. ശരീരത്തിലെ പ്രധാന രക്തധമനികളോട് ചേർന്നു കിടന്നിരുന്നതിനാൽ ചുറ്റുമുള്ള മറ്റ് ആന്തരിക അവയവങ്ങൾക്ക് യാതൊരുവിധ കേടുപാടുകളും വരാതെ മുഴ പൂർണമായും വേർപെടുത്താൻ മെഡിക്കൽ സംഘത്തിന് സാധിച്ചു.
എട്ടു കിലോയോളം ഭാരമുള്ള മുഴ ശരീരത്തിൽ നിന്ന് വേർപെടുത്തുക എന്നത് അതീവ സങ്കീർണവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു എന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. അരവിന്ദ് .എൻ പറഞ്ഞു. കൃത്യമായ പരിചരണവും അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് മറ്റു വിഭാഗങ്ങളുടെ പിന്തുണയുമാണ് ഈ ദൗത്യം വിജയകരമാക്കാൻ സഹായിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
നിർണായക ഘട്ടങ്ങളിൽ കൃത്യതയോടെ തീരുമാനങ്ങളെടുക്കാൻ പ്രാപ്തരായ മെഡിക്കൽ വിദഗ്ധരുടെ സാന്നിധ്യവും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് ഇത്തരം സങ്കീർണമായ കേസുകളിൽ കാസർകോട് ആസ്റ്റർ മിംസിനെ വേറിട്ടു നിർത്തുന്നതെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ബസുരി പറഞ്ഞു. രോഗിയുടെ ജീവൻ രക്ഷിക്കാനായി മെഡിക്കൽ സംഘം കാണിച്ച ദീർഘവീക്ഷണവും സമർപ്പണവുമാണ്  വിജയത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജിസ്റ് ഡോ. ജസീൽ എസ്.എ, അനസ്‌തേഷ്യ വിഭാഗം ഡോ. അമീൻ ഗുൽഷൻ, ഇന്റെൻസീവ് കെയർ യൂണിറ്റ് വിഭാഗം മേധാവി ഡോ. സാജിദ് സലാഹുദ്ധീൻ എന്നിവരടങ്ങുന്ന വിദഗ്ധ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയയിൽ ഭാഗമായത്. ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ നിരീക്ഷണത്തിലായിരുന്ന രോഗി അപകടാവസ്ഥ പൂർണമായി തരണം ചെയ്യുകയും തുടർന്ന് ആരോഗ്യനില തൃപ്തികരമായതിനെത്തുടർന്ന് ആരോഗ്യവാനായി ആശുപത്രി വിടുകയും ചെയ്തു. അതിസങ്കീർണവും വെല്ലുവിളികൾ നിറഞ്ഞതുമായ  ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത് മെഡിക്കൽ സംഘത്തിന്റെ മികവ് തെളിയിക്കുന്നതാണെന്ന് ആസ്റ്റർ മിംസ് മാനേജ്‌മെന്റ് വ്യക്തമാക്കി. സമാനമായ സങ്കീർണ ആരോഗ്യപ്രശ്നങ്ങളുമായി എത്തുന്ന രോഗികൾക്ക് അത്യാധുനിക ചികിത്സാ സൗകര്യങ്ങളും മികച്ച വിദഗ്ധ പരിചരണവും ഉറപ്പാക്കാൻ ആശുപത്രി എപ്പോഴും സജ്ജമാണെന്നും മാനേജ്‌മെന്റ് അറിയിച്ചു.


Reactions

Post a Comment

0 Comments