കാസർകോട്:ലഹരിവസ്തുക്കളുടെ വിപണനവും കടത്തലും തടയുന്നതിനായി സംസ്ഥാന വ്യാപകമായി നടപ്പിലാക്കിവരുന്ന ഓപ്പറേഷൻ തൂഫാൻ
സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വിദ്യാനഗറിൽ വൻ ലഹരി വേട്ട. സ്കൂൾ വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ലക്ഷ്യമിട്ട് കാറിൽ കടത്തുകയായിരുന്ന വൻ നിരോധിത പുകയില ഉൽപ്പന്ന ശേഖരം വിദ്യാനഗർ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മധൂർ പട്‌ല ലക്ഷംവീട് കോളനിയിലെ
ഇബ്രാഹിം ബാത്ഷ 36യെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയിൽ നിന്ന് 21,873 പാക്കറ്റ് നിരോധിത പാൻമസാലയും കടത്താൻ ഉപയോഗിച്ച കാറും വിൽപ്പന നടത്തി ലഭിച്ച പണവും പിടിച്ചെടുത്തു..
ഇന്ന് ഉച്ചക്ക് ശേഷം വിദ്യാനഗർ സബ് ഇൻസ്പെക്ടർ അനൂപ് , ജൂനിയർ എസ്.ഐ ഉമേശൻ, സി.പി.ഒമാരായ രമേഷ്, നജേഷ്, ബിനു എന്നിവരടങ്ങുന്ന സംഘം 'ഓപ്പറേഷൻ തൂഫാൻ' സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സ്റ്റേഷൻ പരിധിയിൽ വാഹന പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് പട്‌ല സ്കൂളിന് സമീപം സംശയാസ്പദമായ രീതിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
കാറിന്റെ ഗ്ലാസിലൂടെ ഉള്ളിലേക്ക് നോക്കിയപ്പോൾ ചാക്കുകെട്ടുകൾ കണ്ടതിനെ തുടർന്ന് ഡോഗ് സ്ക്വാഡിന്റെ സഹായം തേടി. വൈകുന്നേരം 17.15 ഓടെ ഡോഗ് സ്ക്വാഡിലെ ഉദ്യോഗസ്ഥരായ സുജിത്, അനീഷ് എന്നിവർ ക്രിസ്റ്റിന'എന്ന നർകോട്ടിക് ഡോഗുമായി സ്ഥലത്തെത്തി. നർകോട്ടിക് ഡോഗിന്റെ കൃത്യമായ ലഹരി സൂചനയെ തുടർന്ന് പ്രതിയുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ കാർ തുറന്ന് വിശദമായ പരിശോധന നടത്തുകയായിരുന്നു.
നിരോധിത പുകയില ഉൽപ്പന്നങ്ങൾ കാറിന്റെ പിൻസീറ്റിൽ ചാക്കുകളിലാക്കി ഒളിപ്പിച്ച നിലയിൽ ആയിരുന്നു.
0 Comments