Ticker

6/recent/ticker-posts

യുവാവിനെയും പെൺ സുഹൃത്തിനെയും കാർ സഹിതം തട്ടിക്കൊണ്ട് പോയ കേസിൽ രണ്ട് പേർ അറസ്റ്റിൽ

കാസർകോട്: കാറിലിരിക്കുകയായിരുന്ന യുവാവിനെയും പെൺസുഹൃത്തിനെയും തടഞ്ഞുനിർത്തി അക്രമം അഴിച്ചുവിടുകയും, കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവരുകയും ചെയ്ത കേസിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
മൊഗ്രാൽ മൈമൂന നഗർ സ്വദേശികളായ മുഹമ്മദ്‌ മൻസൂർ എന്ന ജീന, അഫ്സൽ എന്നിവരെയാണ് കുമ്പള സബ് ഇൻസ്പെക്ടർ ഗണേശൻ
അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം 22 ന്ന് ഉച്ചക്ക് 1.20 ഓടെ മൊഗ്രാൽ അനന്തപൂരം ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് ക്രൂരമായ  സംഭവം അരങ്ങേറിയത്. ക്ഷേത്രത്തിന് സമീപത്തെ പഴയ തറവാടിന് മുന്നിലെ റോഡിൽ കാറിലിരുന്ന് സംസാരിക്കുകയായിരുന്ന പരാതിക്കാരനെയും സുഹൃത്തായ യുവതിയെയും ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘം തടയുകയായിരുന്നു.
 കാറിന്റെ ചുമതല ബലമായി ഏറ്റെടുത്ത പ്രതികൾ, തടയാൻ ശ്രമിച്ച യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി. ഒന്നാം പ്രതി യുവാവിന്റെ മുഖത്തും കഴുത്തിലും നെറ്റിയിലും മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും യുവതിക്ക് നേരെ അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തു. തുടർന്ന് പ്രതികൾ കാറിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇരുവരെയും സീതാംഗോളി ബിവറേജിന് മുന്നിലുള്ള വിജനമായ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി.
 സീതാംഗോളിയിൽ വെച്ച് രണ്ടാം പ്രതി പരാതിക്കാരനിൽ നിന്ന് 500 രൂപ കൈക്കലാക്കി. തുടർന്ന് മൂന്നാം പ്രതി കത്തികാട്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവാവിന്റെ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും, ഫോൺ തിരികെ നൽകാൻ 50,000 രൂപ ആവശ്യപ്പെടുകയുമായിരുന്നു.
തുടർന്ന് വാഹനവുമായി സീതാംഗോളി ജംഗ്ഷനിലെത്തിയ ഇവർ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തിൽ തട്ടുകയും തർക്കം ഉണ്ടാകുകയും എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ
മാരായ രതീഷ്, മുബഷീർ എന്നിവർ
 ഇടപെടുകയും ചെയ്തതോടെ പൊലീസ് ഉദ്യോഗസ്ഥരോട് ഉൾപ്പെടെ പ്രതികൾ തട്ടിക്കയറുകയും ചെയ്തു. ഈ സമയം വാഹനത്തിലുണ്ടായിരുന്ന യുവതി പൊലീസിനോട് നടന്ന സംഭവം അറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ കുമ്പള പൊലീസ് എത്തി പ്രതികളെ പിടികൂടുകയായിരുന്നു. ഇതിനിടെ മൂന്നാം പ്രതി ഓടി രക്ഷപെടുകയും ചെയ്തു.  
ആക്രമണത്തിന് ഇരയായ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുമ്പള പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കേസ് അന്വേഷണത്തിന്റെ ഭാഗമായി എസ്.ഐ ഗണേശനും
 സംഘവും നടത്തിയ കൃത്യമായ നീക്കത്തിനൊടുവിലാണ് ഒന്നും രണ്ടും പ്രതികളായ മുഹമ്മദ് മൻസൂർ, അഫ്സൽ  പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Reactions

Post a Comment

0 Comments