Ticker

6/recent/ticker-posts

ആശുപത്രിക്ക് സമാനമായ ചികിൽസ ഇനി വീട്ടിൽ ലഭിക്കുംആസ്റ്റർ @ ഹോം പദ്ധതിക്ക് ഇന്ന് തുടക്കം

കാസർകോട് : ആശുപത്രികളിൽ നേരിട്ടെത്താൻ ബുദ്ധിമുട്ടുന്ന രോഗികൾക്ക് വീട്ടിൽ വെച്ചുതന്നെ ആശുപത്രിക്ക് സമാനമായ ചികിത്സ ലഭ്യമാക്കുന്ന ആശ്വാസ പദ്ധതിയുമായി കാസർകോട് ആസ്റ്റർ മിംസ്. ആസ്റ്റർ മിംസ് കാസർകോട് തുടക്കം കുറിക്കുന്ന ആസ്റ്റർ @ ഹോം പദ്ധതിയുടെ ഉദഘാടനം 
കല്ലട്ര മാഹിൻ ഹാജി എം.എൽ.എ നിർവഹിക്കുമെന്ന്  ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ബാസുരി അറിയിച്ചു. 
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ആശുപത്രിയുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലാണ് ഇപ്പോൾ സേവനം ലഭ്യമാകുക. കേവലം ഒരു പ്രാഥമിക പരിശോധന എന്നതിനപ്പുറം ആശുപത്രിയിൽ ലഭ്യമാകുന്ന ചികിത്സയോട് സമാനമായ സേവനങ്ങളാണ് പദ്ധതിയിലൂടെ രോഗിക്ക് ലഭിക്കുക. വിദഗ്‌ധ ഡോക്ടർമാർ, റെസിഡന്റ് മെഡിക്കൽ ഓഫീസർമാർ, പരിചയസമ്പന്നരായ നഴ്‌സുമാർ, അറ്റൻഡർമാർ എന്നിവരടങ്ങുന്ന വിദഗ്ധ മെഡിക്കൽ സംഘമാണ് രോഗികളുടെ പക്കലേക്ക് എത്തുന്നത്. ജറിയാട്രിക് മെഡിസിൻ കൺസൾട്ടന്റ് ഡോ. ഷഹനാദ് പി.എം.എ നേതൃത്വം നല്കുന്ന ആസ്റ്റർ @ ഹോം പദ്ധതിയിൽ വിദഗ്ധരടങ്ങുന്ന ആരോഗ്യ സംഘവും നൂതന മെഡിക്കൽ ഉപകരണങ്ങളുമായാണ് ഹോം കെയർ ടീം മുൻകൂട്ടി ബുക്ക് ചെയ്യുന്ന  രോഗികളിലേക്ക് എത്തുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ഹോം കെയർ ടീം പ്രവർത്തിക്കുന്നത്.
വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കിടപ്പിലായവർ, പക്ഷാഘാതം, അസ്ഥി സംബന്ധമായ ഒടിവുകൾ മൂലം കിടപ്പിലായവർ തുടങ്ങിയർക്കായി ഫിസിയോതെറാപ്പിയും പ്രത്യേക പരിചരണത്തിനും പദ്ധതി പ്രാധാന്യം നൽകുന്നു. ശാരീരിക ബുദ്ധിമുട്ടുകളോ മറ്റു അസൗകര്യങ്ങൾ മൂലം ആശുപത്രിയിൽ എത്താൻ കഴിയാത്തവർക്ക് മികച്ച ഫിസിയോതെറാപ്പിസ്റ്റുകളുടെ സേവനവും പരിചയ സമ്പന്നരായ നഴ്സുമാരുടെ പരിരക്ഷയും ഉറപ്പാക്കുന്നു. അതോടൊപ്പം  രക്തപരിശോധന ഉൾപ്പെടെയുള്ള എല്ലാവിധ ലാബ് സൗകര്യങ്ങളും ആവശ്യമായ മരുന്നുകൾ എത്തിക്കുന്നതിനുള്ള ഫാർമസി സംവിധാനവും പദ്ധതിയുടെ ഭാഗമായി സജ്ജമാണ്. 
ആരോഗ്യസംരക്ഷണം എന്നത് ആശുപത്രി കെട്ടിടങ്ങൾക്കുള്ളിൽ മാത്രം ഒതുങ്ങിനിൽക്കേണ്ട ഒന്നല്ല. ശാരീരിക ബുദ്ധിമുട്ടുകളോ മറ്റു കാരണങ്ങളാലോ ആശുപത്രിയിൽ എത്താൻ കഴിയാത്ത ഒരു രോഗിക്ക് മുന്നിലും ചികിത്സയുടെ വാതിലുകൾ അടയരുത്. അവർക്ക് അർഹമായ വിദഗ്ധ പരിചരണം സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിൽ ലഭ്യമാക്കുക എന്നതാണ് 'ആസ്റ്റർ @ ഹോം' വഴി ഞങ്ങൾ ലക്ഷ്യമിടുന്നത്. ഇത് കേവലമൊരു സേവനമല്ല മറിച്ച് രോഗികളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ്" എന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ബാസുരി പറഞ്ഞു.
ചീഫ് മെഡിക്കൽ സൂപ്പറന്റന്റും  അത്യാഹിത വിഭാഗം മേധാവിയുമായ ഡോ. സാജിദ് സലാഹുദ്ദീൻ, ഡോ. അമീൻ ഗുൽഷൻ അനസ്തശ്യ വിഭാഗം മേധാവി, ജറിയാട്രിക് മെഡിസിൻ കൺസൾട്ടന്റ് ഡോ. ഷഹനാദ് പി.എം.എ  തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. സാങ്കേതികവിദ്യയുടെയും മെഡിക്കൽ വൈദഗ്ധ്യത്തിന്റെയും സഹായത്തോടെ ചികിത്സാ രംഗത്തെ അതിരുകൾ ഇല്ലാതാക്കാനും സാധാരണ ജനങ്ങൾക്ക് കൂടുതൽ ആശ്വാസമേകാനും ആസ്റ്റർ മിംസ് ഹോസ്പിറ്റൽ പ്രതിജ്ഞാബദ്ധമാണെന്നും ആശുപത്രി  മാനേജ്മെന്റ് വ്യക്തമാക്കി. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കുമായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും സജ്ജീകരിച്ചിട്ടുണ്ട്. ഹെല്പ്ലൈൻ നമ്പർ 7034778800
Reactions

Post a Comment

0 Comments