കാസർകോട്:ലഹരി മാഫിയയുമായി ചർച്ചയ്ക്ക് ഇല്ലെന്നും മാഫിയയുടെ ഉന്മൂലനാശം മാത്രമാണ് ലക്ഷ്യമെന്നും ആഭ്യന്തരം, വിജിലൻസ് കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കാസർകോട് ജില്ലയിൽ നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പൊലീസ് സംഘടിപ്പിച്ച ഓപ്പറേഷൻ തൂഫാൻ ജാഗരൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കാസർകോടിന്റെ മണ്ണിൽ ലഹരി അനുവദിക്കില്ല.സംസ്ഥാന അതിർത്തികളിൽ തൂഫാൻ സേനയെ വിന്യസിച്ചിട്ടുണ്ട്.ലഹരി മാഫിയയിൽ പ്രവർത്തിക്കുന്നവർക്കെതിരെ കാപ്പ ചുമത്തുകയും സ്വത്തുക്കൾ കണ്ടു കെട്ടുകയും ചെയ്യും. മയക്കുമരുന്നിനെതിരെ കാഞ്ഞങ്ങാട് കഴിഞ്ഞവർഷം പരിപാടി സംഘടിപ്പിച്ചിരുന്നു.കോരിച്ചൊരിയുന്ന മഴയിലും അന്ന് ആയിരങ്ങൾ പങ്കെടുത്തു. അന്നേ തീരുമാനിച്ചതാണ് 14 ജില്ലകളിലും ലഹരി മാഫിയയ്ക്കെതിരെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും ലഹരി മാഫിയുടെ വേരറുക്കുമെന്നും. അങ്ങനെ ഒരു അവസരം സർക്കാർ അധികാരത്തിൽ വന്ന്,ഓപ്പറേഷൻ തൂഫാനിലൂടെ കൈവന്നിരിക്കുകയാണ്.
കാസർകോട് മേൽപറമ്പ് മൈലാട്ടിയിൽ പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനത്തിൽ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നിർദേശത്തിൽ പരിശോധന നടത്തിയപ്പോൾ പുറമേ ക്ലീൻ കമ്പനി എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഉള്ളിൽ വർണ്ണക്കടലാസിൽ പൊതിഞ്ഞ ലഹരി മിഠായികൾ ആയിരുന്നു. വിദ്യാർത്ഥികളുടെ ഭാവി തകർക്കാനി രുന്ന ഈ സ്ഥാപനത്തെ നിയമം വഴി തളയ്ക്കാനും 16 പേരെ അറസ്റ്റ് ചെയ്യാനും സാധിച്ചു അതിൽ നാല് പേർ ഇപ്പോഴും ജയിലിലാണ്
ഓപ്പറേഷൻ തൂഫാനെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്നത് അമ്മമാരാണ് . അമ്മമാർ ദിവസേന അയയ്ക്കുന്ന കത്തുകളിലൂടെയും ഫോൺവിളികളിലൂടെയും ഫോൺ സന്ദേശങ്ങളിലൂടെയും ഇത് മനസ്സിലാക്കാൻ ആകുമെന്നും ചെന്നിത്തല പറഞ്ഞു. ലോകത്തെ കുപ്രസിദ്ധ മാഫിയ സംഘങ്ങൾ സ്വന്തമായി മാരക ലഹരി ഉപയോഗിക്കാറില്ല ..
സ്വന്തം വീട്ടിൽ ലഹരി ഉപയോഗിക്കാതെ മറ്റുള്ളവർക്ക് നൽകി, അവരുടെ ഭാവി നശിപ്പിച്ചു കോടീശ്വരന്മാർ ആകുകയാണ് പല മയക്കുമരുന്ന് കച്ചവടക്കാരും. ഇത് സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
തൂഫാൻ മയക്കുമരുന്ന് കച്ചവടക്കാർക്ക് പേടിസ്വപ്നമായെന്ന് ചടങ്ങിൽ പങ്കെടുത്ത രാജ്മോഹൻ ഉണ്ണിത്താൻ എം പി പറഞ്ഞു. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും കാവൽക്കാരായ ഭാവി തലമുറയെ സുരക്ഷിതമാക്കണമെങ്കിൽ ലഹരിയെ സമൂഹത്തിൽ നിന്ന് വേരറക്കണമെന്നും അദ്ദേഹം പറഞ്ഞു.
കല്ലട്ര മാഹിൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷനായിരുന്നു.
സ്കൂളിൽ എത്തിയ ആഭ്യന്തരമന്ത്രി പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.തുടർന്ന് മന്ത്രി തൂഫാൻ പതാക ഉയർത്തി.സ്റ്റുഡൻസ് പൊലീസ് കേഡറ്റുകളും എൻ സി സി, എൻ എസ് എസ് കുട്ടികളും പങ്കെടുത്തു. ലഹരിക്കെതിരെയുള്ള പോരാട്ടം പ്രതീകത്മകമായി കാണിക്കാൻ 'ലഹരി' എന്നെഴുതിയ ബോക്സിങ് പഞ്ച് ബാഗിൽ മന്ത്രി പഞ്ച് ചെയ്തു
തൂഫാൻ നാൾവഴികൾ വീഡിയോ പ്രദർശനത്തിലൂടെയാണ് ചടങ്ങ് ആരംഭിച്ചത്.ചടങ്ങിൽ മെന്റലിസ്റ്റ് പ്രീത് അവതരിപ്പിച്ച തൂഫാൻ സന്ദേശ മെന്റലിസം ഷോ ഉണ്ടായിരുന്നു. രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കണ്ണൂർ റെയിഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് കെ. കാർത്തിക് തൂഫാൻ സന്ദേശം നൽകി.
പരിപാടിയിൽ മാലിക് ദിനാർ ജുമാ മസ്ജിദ് ഇമാം അബ്ദുൽ മജീദ് ബാഖവി, ചെർക്കള മാർത്തോമാ സ്കൂളിലെ ഫാദർ ജോർജ് വർഗീസ് വിനു, പ്രശസ്ത സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട് പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് ഫിദ ഉജും പദവ്, കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. കെ കെ എൻ കുറുപ്പ്, വേദിയിലെ എം എൽ മാർ ജനപ്രതിനിധികൾ എന്നിവർ ആഭ്യന്തരമന്ത്രിയിൽ നിന്നും തൂഫാൻ ബാഡ്ജ് ഏറ്റുവാങ്ങി. പിഡബ്ല്യുഡി കോൺട്രാക്ടർ അബ്ദുള്ള കുഞ്ഞിയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. തൂഫാൻ വാരിയർ പോസ്റ്റർ ഓട്ടോറിക്ഷ ഡ്രൈവർ അഷ്റഫ് കുതിരപ്പാറയ്ക്ക് നൽകി പ്രകാശനം ചെയ്തു.ഇനി മുതൽ ജില്ലയിലെ എല്ലാ ഓട്ടോകളിലും തൂഫാൻ വാരിയർ പോസ്റ്റർ ഉണ്ടാകും.
എ കെ എം അഷ്റഫ് എംഎൽഎ,അഡ്വക്കേറ്റ് ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ, സന്ദീപ് വാര്യർ എംഎൽഎ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം,കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി,ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജാക്കോട്,എന്നിവർ സംസാരിച്ചു. ജില്ലാ പോലീസ് മേധാവി പി നിധിൻ രാജ് സ്വാഗതവും അഡീഷണൽ എസ്പി ആർ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു
മയക്കുമരുന്ന് വിപത്തിനെ സമൂഹത്തിൽ നിന്ന് തുടച്ചുനീക്കി യുവതലമുറയെ സംരക്ഷിക്കുന്നതിനായി ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ കേരള പോലീസ് നടപ്പാക്കുന്ന ജനകീയ മയക്കുമരുന്ന് വിരുദ്ധ ദൗത്യമാണ് ഓപ്പറേഷൻ തൂഫാൻ. പോലീസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചഓപ്പറേഷൻ തൂഫാൻ ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ ദൗത്യവും മയക്കുമരുന്ന് വേട്ടയുമായി മുന്നേറുകയാണ്.
0 Comments