കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയ കേസിൽ തായ്‌ലൻഡ് കേന്ദ്രീകരിച്ച് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്ന മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ഉപ്പള മൊഗർ സ്വദേശി മുഹമ്മദ് സുഹൈലാണ് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായത്.
സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നായ ഈ കേസിൽ, വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി തായ്‌ലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസിന്റെ സഹായത്തോടെ മഞ്ചേശ്വരം പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. തുടർന്ന് കാസർകോട്
എത്തിച്ച് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
2024 സെപ്റ്റംബർ 20ന് മഞ്ചേശ്വരം പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഉപ്പള പത്ത്വാടിയിലെ അസ്കർ അലിയുടെ 28 വീട്ടിൽ നിന്ന് 3.5 കിലോഗ്രാം എംഡിഎംഎയും 642 ഗ്രാം കഞ്ചാവും പിടികൂടിയത്.
അന്നത്തെ കാസർകോട് ഡിവൈ.എസ്.പി സി.കെ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മൂന്ന് പ്രതികളെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു.
മറ്റൊരു മുഖ്യ പ്രതി തളങ്കര ബാങ്കോട് ഷബീബ് ബാഗ് ഹൗസിൽ മുഹമ്മദ് ലിസാൻ അലിയെ 32 കർണാടക മടിക്കേരി കുശാൽനഗറിൽ നിന്ന് കാസർകോട് സൈബർ സെല്ലിന്റെയും കർണാടക പൊലീസിന്റെയും സഹായത്തോടെ സാഹസികമായാണ് പിടികൂടിയത്.
അന്വേഷണ സംഘത്തിൽ ജില്ലാ പൊലീസ് മേധാവി പി. നിധിൻ രാജിന്റെ മേൽനോട്ടത്തിൽ എ.എസ്.പി അച്യുത് അശോക് നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
0 Comments