Ticker

6/recent/ticker-posts

മൈസുരുവിൽ നിന്നും കുഴിച്ചെടുത്ത സ്വർണ നിധിയെന്ന് പറഞ്ഞ് സ്ത്രീ ഉൾപ്പെടെ തട്ടിയത് ലക്ഷങ്ങൾ, വ്യാപാരിക്ക് നൽകിയത് രണ്ട് കിലോ 'സ്വർണ മാലകൾ'

കാഞ്ഞങ്ങാട്: തങ്ങളുടെ കൈ വശമുള്ളത് മൈസുരുവിൽ നിന്നും കുഴിച്ചെടുത്ത സ്വർണ നിധിയെന്ന് കാട്ടി സ്ത്രീ ഉൾപ്പെട്ട രണ്ടംഗ സംഘം നിരവധി പേരെ തട്ടിപ്പിൽ വീഴ്ത്തി ലക്ഷങ്ങൾ തട്ടിയെടുത്തു. അജാനൂർ സ്വദേശിയായ വ്യാപാരിക്ക് നഷ്ടപ്പെട്ടത് രണ്ട് ലക്ഷം രൂപ. ചെറുവത്തൂർ സ്വദേശിയുടെ 5 ലക്ഷമാണ് പോയത്. കാഞ്ഞങ്ങാട്ടെ തയ്യൽ കടക്കാരനടക്കമുള്ളവർ തട്ടിപ്പിൽ നിന്നും രക്ഷപ്പെട്ടത് കഷ്ടിച്ച്. നിരവധി പേർ തട്ടിപ്പിൽ പെട്ട് പണം നഷ്ടപ്പെട്ടവരായുണ്ടെങ്കിലും പലരും നാണക്കേട് ഓർത്ത് പുറത്ത് പറയുന്നില്ലെന്ന് മാത്രം. സംഭവത്തിൽ മുഖ്യ കണ്ണിയായ കർണാടക സ്വദേശിനി ശാന്തിയെ 50 ചന്തേര പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാണ്. കൂട്ട് പ്രതികർണാടക സ്വദേശി രാജുവിനെ പിടികൂടാനായിട്ടില്ല. അജാനൂർ വ്യാപാരിയുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് ഒരു കേസ് റജിസ്ട്രർ ചെയ്തിട്ടുണ്ട്. താമസിക്കാൻ വീട് വാടകക്ക് ചോദിച്ചായിരുന്നു ഇരുവരും വ്യാപാരിയെ കണ്ടത്. തുടർന്ന് വ്യാപാരിയുടെ മൊബൈൽ ഫോൺ നമ്പർ വാങ്ങി വീട്ടുസാധനങ്ങളും വാങ്ങി മടങ്ങി. പിന്നീട് ഒന്ന് രണ്ട് തവണ വിളിച്ച് പരിചയം പുതുക്കുകയും തങ്ങളുടെ പക്കൽ മൈസുരുവിലെ താമസസ്ഥലത്ത് നിന്നും കുഴിയെടുക്കുമ്പോൾ ലഭിച്ച കുറെ പഴയ സ്വർണാഭരണങ്ങൾ ഉണ്ടെന്ന് അറിയിച്ചു. ചെറിയ തുകക്ക് നൽകാമെന്നും തങ്ങൾക്ക് ജ്വല്ലറിയിൽ വിൽക്കാൻ കഴിയാത്തതിനാലാണ് നൽകുന്നതെന്നും വ്യാപാരിയോട് പറഞ്ഞു. തുടർന്ന് കടയിലെത്തിയ സംഘം പുരാതന കാലത്തേതെന്ന് തോന്നിപ്പിക്കുന്ന സ്വർണ നാണയം കാണിച്ച് വ്യാപാരിയെ വിശ്വാസത്തിലെടുത്തു. സ്വർണം കാണിക്കാൻ പറഞ്ഞപ്പോൾ മാലയുടെ ഒരു ഭാഗം സഞ്ചിയിൽ നിന്നും എടുത്ത് നൽകി. ഈ സ്വർണാഭരണം കാഞ്ഞങ്ങാട്ടെ ഒരു പ്രമുഖ ജ്വല്ലറിയിൽ ബന്ധു യുവാവ് കൊണ്ട് പോയി പരിശോധിച്ചതിൽ ആഭരണം ഒറിജിനൽ സ്വർണമാണെന്ന് വ്യക്തമായി. തങ്ങളുടെ പക്കൽ രണ്ട് കിലോയിലേറെ പഴയ സ്വർണാഭരണങ്ങൾ ഉണ്ടെന്നും 2 ലക്ഷം രൂപ നൽകിയാൽ തരാമെന്നും സംഘം പറഞ്ഞു. രണ്ട് കിലോ സ്വർണം അൽപ്പമായി വിൽക്കണമെന്നും അപ്പോൾ 25 ശതമാനം നിങ്ങൾ എടുത്ത് ബാക്കി തുക തങ്ങൾക്ക് നൽകണമെന്നും സംഘം വ്യാപാരിയോട് പറഞ്ഞു. തുടർന്ന് കച്ചവടമുറപ്പിച്ച് അടുത്ത ദിവസം ആ ഭരണവുമായി വരാമെന്ന് പറഞ്ഞു. പിറ്റേ ദിവസം കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പെട്രോൾ പമ്പിനടുത്ത് വച്ച് കടം വാങ്ങി വന്ന 2 ലക്ഷം രൂപ വ്യാപാരി സംഘത്തിന് നൽകുകയും രണ്ട് കിലോയിലേറെ വരുന്ന  വലിയ മാലയായിട്ടുള്ള ആഭരണങ്ങൾ സംഘം വ്യാപാരിക്ക് കൈമാറുകയും ചെയ്തു. പണം നൽകുന്നതിന് മുൻപ് ആഭരണത്തിൽ നിന്നുള്ള ചെറിയ കഷണം ബന്ധുവഴി ജ്വല്ലറിയിൽ വിൽപ്പന നടത്തിയതിൽ സ്വർണം ഒറിജിനലെന്ന് കണ്ട് 8000 രൂപ ലഭിക്കുകയും ചെയ്തിരുന്നു. സംഘം പണവുമായി മടങ്ങിയ ശേഷം കടം വാങ്ങിയ 2 ലക്ഷം രൂപ തിരികെ നൽകാനായി മാലയിൽ നിന്നും ഒന്ന് പണയം വെക്കാൻ കൊണ്ട് പോയപ്പോഴാണ് ആ ഭരണൾ മുഴുവൻ മുക്ക് പണ്ടമാണെന്ന് തിരിച്ചറിയുന്നത്. പ്രതികളുടെ കൈ വശമുണ്ടായിരുന്ന രണ്ട് സഞ്ചികളിൽ ഒന്നിൽ ഒറിജിനൽ സ്വർണവും രണ്ടാമത്തെ സഞ്ചിയിൽ മുക്ക് പണ്ടവും കരുതി അതിവിദഗ്ധമായാണ് തട്ടിപ്പ് നടത്തിയത്.

Reactions

Post a Comment

0 Comments