കാസർകോട്: പഞ്ചാബിൽനിന്ന് കൊറിയർ സർവീസ് വഴി ഒളിപ്പിച്ച് കിലോക്കണക്കിന് രാസലഹരി കടത്തുന്ന അന്തർസംസ്ഥാന സംഘത്തിന്റെ നീക്കങ്ങൾ കുമ്പള പൊലീസ് തകർത്തു. നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മംഗളൂരുവിൽനിന്ന് രണ്ട് കിലോയോളം എം.ഡി.എം.എ പിടികൂടുകയായിരുന്നു.
ഷിറിയ ബത്തേരി മഹല്ലിൽ മുഹമ്മദ് അൻസാദ് 26 നെ കുമ്പള പൊലീസ് പിടികൂടിയതോടെയാണ് വൻ ലഹരി ഇടപാടിന്റെ ചുരുളഴിയുന്നത്. പ്രതിയുടെ പക്കൽനിന്ന് 1.8 ഗ്രാം എം.ഡി.എം.എയും ലഹരി വിൽപനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 2,97,500 രൂപയും പൊലീസ് കണ്ടെടുത്തിരുന്നു.
അൻസാദ് മുഖേന കൊറിയർ വഴി മംഗ്ളൂരുവിൽ മയക്കുമരുന്ന് എത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുമ്പള പൊലീസ് മംഗ്ളൂരു പൊലീസുമായി ബന്ധപ്പെട്ടു. തുടർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽവെച്ച് 1.8 കിലോ എം.ഡി.എം.എ പിടിച്ചെടുത്തു.
കേസിൽ കാസർകോട് മംഗൽപാടി സ്വദേശി അബ്ദുൾ ഹഫീൽ 25, കർണാടക മംഗളൂരു സിറ്റി കൂളൂർ കസബ ബെംഗ്രെ സ്വദേശി സിയാവുൾ ഹഖ് 30, നിലവിൽ മംഗളൂരു പാണ്ഡേശ്വര ഓൾഡ് കന്റ് റോഡിലെ ആയിഷ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന അൽത്താഫ് 28 എന്നിവരെ ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു പൊലീസുമായി സഹകരിച്ച് കുമ്പള പൊലീസ് തുടർഅന്വേഷണം നടത്തും.
0 Comments